തെരുവുനായ പ്രശ്‌നത്തിന് പരിഹാരമെന്ത്? ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

തെരുവുനായ പ്രശ്‌നത്തിന് പരിഹാരമെന്ത്? ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

കൊച്ചി: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം രൂക്ഷമാകുന്നതിനിടെ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്. പ്രശ്ന പരിഹാരത്തിനായി സ്വീകരിച്ച നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിഷയം പരിഗണിക്കുക. വൈകിട്ട് മൂന്നിനാണ് പ്രത്യേക സിറ്റിങ്.

തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

ഇതിനിടെ സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ആകെ 170 ഹോട്ട്സ്പോട്ടുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.

ഏറ്റവും കൂടുതല്‍ ഹോട്ട്സപോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുളളത് തിരുവനന്തപുരം ജില്ലയിലാണ്. 28 എണ്ണം. 26 ഹോട്ട്സ്പോട്ടുകളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 19 ഹോട്ട്സപോട്ടുകളുമായി കൊല്ലം, ആലപ്പുഴ ജില്ലകളാണ് മൂന്നാം സ്ഥാനത്തുളളത്. ഒരു ഹോട്ട്സ്പോട്ടുളളത് ഇടുക്കിയില്‍ മാത്രമാണ്. അതേസമയം തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുളള വാക്സിനേഷന്‍ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.