കാവി പുതയ്ക്കാന്‍ ഉറപ്പിച്ച് അമരീന്ദര്‍; പാര്‍ട്ടി ലയനം തിങ്കളാഴ്ച

കാവി പുതയ്ക്കാന്‍ ഉറപ്പിച്ച് അമരീന്ദര്‍; പാര്‍ട്ടി ലയനം തിങ്കളാഴ്ച

അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി.ജെ.പിയില്‍ ലയിക്കും. തിങ്കളാഴ്ചയാണ് ലയന സമ്മേളനം. കോണ്‍ഗ്രസുമായി പിരിഞ്ഞ ശേഷം കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തില്‍ അമരീന്ദര്‍ പാര്‍ട്ടി അംഗത്വമെടുക്കും. അദ്ദേഹത്തിനൊപ്പം മകന്‍ റാണ്‍ ഇന്ദര്‍ സിങ്, മകള്‍ ജെയ് ഇന്ദര്‍ കൗര്‍, പേരമകന്‍ നിര്‍വാണ്‍ സിങ് എന്നിവരും ബി.ജെ.പിയില്‍ ചേരുമെന്നാണ് അറിയുന്നത്. നിലവില്‍ നട്ടെല്ലില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ലണ്ടനില്‍ വിശ്രമിക്കുകയാണ് അമരീന്ദന്‍ സിങ്.

പഞ്ചാബ് കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അമരിന്ദര്‍ പാര്‍ട്ടി വിടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി ചരണ്‍ജിത്ത് സിങിനു സ്ഥാനം നല്‍കിയതോടെയാണ് അമരിന്ദര്‍ പാര്‍ട്ടി നേതൃത്വത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപീകരിച്ചു.

അഞ്ചു വര്‍ഷത്തോളം പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിരുന്ന ശേഷമായിരുന്നു മാറ്റം. നേതൃത്വം തന്നെ പലതവണ അപമാനിച്ചുവെന്നും ഇനിയും ഇങ്ങനെ സഹിച്ചു മുന്നോട്ടു പോകാനാകില്ലെന്നും തുറന്നടിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. തന്നില്‍ രാഷ്ട്രീയം ഇനിയും ബാക്കിയുണ്ടെന്ന മുന്നറിയിപ്പ് കൂടി നല്‍കിയായിരുന്നു പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് പി.എല്‍.സി അരങ്ങേറ്റം കുറിച്ചു. അമരിന്ദറിന്റെ സാന്നിധ്യം വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് പക്ഷെ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ആം ആദ്മി പാര്‍ട്ടി കുതിപ്പുണ്ടാക്കിയ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പാട്യാലയിലടക്കം അമരിന്ദറിന്റെ പാര്‍ട്ടി അടിപതറി. അമരിന്ദറിന് കെട്ടിവച്ച തുക പോലും നഷ്ടപ്പെടുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.