വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് കൊടിയേറി; 24 ന് സമാപിക്കും

വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് കൊടിയേറി; 24 ന് സമാപിക്കും

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് തുടക്കം കുറിച്ച് ആര്‍ച്ച് ബിഷപ്പ് റവ.ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ പതാക ആശീര്‍വ്വദിക്കുന്നു. പ്രസുദേന്തി സെബാസ്റ്റിന്‍ ഗൊണ്‍സാല്‍വസ്, ഫാ. മിഥുന്‍ ചെമ്മായത്ത്, ഫാ. നിജിന്‍ ജോസഫ് കാട്ടിപ്പറമ്പില്‍, ഫാ.ജോര്‍ജ് ജിത്തു വട്ടപ്പിള്ളി, ബസിലിക്ക റെക്ടര്‍ റവ.ഡോ. ആന്റണി വാലുങ്കല്‍ സമീപം.

വല്ലാര്‍പാടം: ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് എമരിത്തൂസ് റവ.ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ കൊടിയേറ്റിയതോടെ തുടക്കമായി.

തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യ കാര്‍മ്മികനായിരുന്നു. ഫാ. ജിപ്‌സണ്‍ തോമസ് ചാണയില്‍ വചന പ്രഘോഷണം നടത്തി. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളാഘോഷങ്ങള്‍ 24 ന് ശനിയാഴ്ച്ച സമാപിക്കും.

23 വരെയുള്ള തിരുനാള്‍ ദിനങ്ങളില്‍ വൈകിട്ട് 5.30 നുള്ള ദിവ്യബലികളില്‍, വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ഫാ. കോളിന്‍സ് ഇലഞ്ഞിക്കല്‍, അതിരൂപതാ ചാന്‍സലര്‍ ഫാ.എബിജിന്‍ അറയ്ക്കല്‍, മോണ്‍. ഡോ.ആന്റണി കുരിശിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ, കോട്ടപ്പുറം ബിഷപ്പ് റവ.ഡോ.ജോസഫ് കരിക്കശേരി, എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സെപ്റ്റംബര്‍ 24 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ.ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. ഫാ. ജോബിന്‍ ജോസഫ് പനയ്ക്കല്‍ വചന പ്രഘോഷണം നടത്തും. ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.

1524 ല്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കൊണ്ടു വന്നു സ്ഥാപിച്ച കാരുണ്യ മാതാവിന്റെ ചിത്രമാണ് വല്ലാര്‍പാടം ബസിലിക്കയുടെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. പ്രകൃതി ക്ഷോഭം, രോഗങ്ങള്‍, ജീവിത പ്രതിസന്ധികള്‍ എന്നിവയില്‍പ്പെട്ട് സങ്കടപ്പെടുന്നവര്‍ക്ക് കാരുണ്യ മാതാവ് സാന്ത്വനമേകുന്നു.

ഇത്തരത്തില്‍ ദൈവ കൃപാകടാക്ഷം തേടിയവരുടെ അനുഭവ സാക്ഷ്യങ്ങളും എണ്ണമറ്റ അത്ഭുതങ്ങളുടെ ആധികാരിക ആഖ്യാനങ്ങളും ജാതിമത ചിന്തകള്‍ക്കതീതമായ കൃപാ ചൈതന്യത്തിന്റെ ദൃഷ്ടാന്തങ്ങളും നിറഞ്ഞതാണ് വല്ലാര്‍പാടം പള്ളിയുടെ പുണ്യചരിത്രം.

എല്ലാ ദിവസത്തേയും തിരുക്കര്‍മ്മങ്ങള്‍ വല്ലാര്‍പാടം ബസിലക്കയുടെ യൂട്യൂബ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നും തിരുനാളില്‍ പങ്കെടുക്കുവാനെത്തുന്ന വിശ്വാസികള്‍ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായും ബസിലിക്ക റെക്ടര്‍ റവ.ഡോ. ആന്റണി വാലുങ്കല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.