ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മൃതസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ചൈനീസ് പ്രതിനിധികളെ വിലക്കിയതായി റിപ്പോർട്ട്. പാർലമെൻറിൽ പൊതുദർശനത്തിനുവെച്ച രാജ്ഞിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സുരക്ഷാ കാരണങ്ങളാൽ ചൈനീസ് പ്രതിനിധികളെ അനുവദിച്ചില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ ക്ഷണിച്ചപ്പോൾ ചില ബ്രിട്ടീഷ് എം.പിമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഷിൻജ്യാങ്ങിലെ ഉയ്ഗൂർ മുസ്ലിംകൾക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച ബ്രിട്ടീഷ് എം.പിമാർക്ക് ചൈന ബീജിംഗ് പ്രവേശനാനുമതി നിഷേധിച്ചിരുന്നു.
എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പാർലമെൻറ് സ്പീക്കർ വിസമ്മതിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തി പ്രതികരിക്കാനില്ലെന്ന് ഹൗസ് ഓഫ് കോമൺസും വ്യക്തമാക്കി.
കഴിഞ്ഞ വർഷം 7 ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍മാര്‍ക്കാണ് ചൈന പ്രവേശനാനുമതി നിഷേധിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് പാർലമെൻറിലേക്ക് ചൈനീസ് പ്രതിനിധി സംഘത്തെ കടത്തിവിടരുതെന്ന് ആവശ്യമുയർന്നത്. എന്നാൽ ആരോപണങ്ങളെ ചൈന നിഷേധിച്ചു. താന്‍ ഇതുവരെ ഇത്തരം ഒരു റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് ബീജിംഗില്‍ പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ മൃതസംസ്‌കാരം യുകെയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വിഷയമാണെന്നും രാജ്ഞിയെ ബഹുമാനിക്കേണ്ടതുണ്ടെന്നും മാവോ നിംഗ് പറഞ്ഞു. ബ്രിട്ടനിൽ നിന്നുള്ളവരുടെ ക്ഷണപ്രകാരം ഈ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾ രാജ്യവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ നയതന്ത്രപരമായ പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ബന്ധമാണ്. പ്രോട്ടോകോൾ പ്രകാരം ബ്രിട്ടന് നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിക്കുന്നത് വിദേശ കാര്യാലയത്തില്‍ നിന്നുള്ള ഉപദേശപ്രകാരമാണെന്നും അവരാണ് അതിഥിപ്പട്ടിക തയ്യാറാക്കുന്നതെന്നും പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.