നൂര്‍-സുല്‍ത്താന (കസാഖിസ്ഥാന്‍): മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വിസമ്മതിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. കസാഖിസ്ഥാനില്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം ഷി ജിന്‍പിങ്ങ് നിരസിച്ചതായി പേര് വെളിപ്പെടുത്താത്ത വത്തിക്കാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ കസാഖ് തലസ്ഥാനമായ നൂര്‍-സുല്‍ത്താനില്‍ നടന്ന മതസമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തിരുന്നു. ഇതേ സമയത്ത് കസാഖ് പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവിനെ കാണാന്‍ ഷി യും തലസ്ഥാന നഗരിയില്‍ എത്തിയിരുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഉണ്ടായിരിക്കെ ഷീ അത് ഒഴിവാക്കി മടങ്ങിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ഭരണകൂട അടിച്ചമര്‍ത്തലുകളുടെ പശ്ചാത്തലത്തില്‍ ഇരുവരുമായുള്ള കൂടിക്കാഴ്ച്ച നിര്‍ണായകമാകുമായിരുന്നു. കസാഖിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ ചൈന സന്ദര്‍ശിക്കാനുള്ള സന്നദ്ധത മാര്‍പാപ്പ വെളിപ്പെടുത്തുകയും ചെയ്തതാണ്. എന്നിരുന്നിട്ടും മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ ഷി വിസമ്മതിച്ചത് വത്തിക്കാന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കസാഖില്‍ വച്ച് ഷി കൂടിക്കാഴ്ച്ച നടത്തി.
ഒരു ചൈനീസ് ഭരണാധികാരിയും മാര്‍പാപ്പയും തമ്മിൽ ഇതുവരെ കൂടികാഴ്ച്ച നടത്തിയിട്ടില്ല. ചരിത്ര പരമായ ഒരു മാറ്റത്തിനു ലഭിച്ച അവസരമാണ് ഷി യുടെ നിരസിക്കൽ മൂലം നഷ്ടമായത്. പ്രസിഡന്റിന്റെ അസൗകര്യം മൂലമാണ് കൂടിക്കാഴ്ച്ച ക്രമീകരിക്കാതിരുന്നതെന്നാണ് ചൈനയുടെ വിശദീകരണം.
ചൈനയിലെ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള താല്‍ക്കാലിക കരാര്‍ പുതുക്കാന്‍ വത്തിക്കാനും ചൈനയും തീരുമാനിക്കുകയും ഒരു കര്‍ദ്ദിനാള്‍ ഹോങ്കോങ്ങില്‍ വിചാരണ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പയും ഷി യും ഒരേ സമയം കസാഖിസ്ഥാനില്‍ എത്തിയത്. സിന്‍ജിയാങ് മേഖലയിലെ ക്രിസ്ത്യാനികളും ഉയ്ഗൂര്‍ മുസ്ലീങ്ങളും ഉള്‍പ്പെടെ ചൈനയില്‍ പല തരത്തിലുള്ള മത പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്തതിന് ഷി കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.