കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് കോഴിക്കോട് സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
കസ്റ്റഡിയിൽ വിട്ടുകൊടുത്താൽ പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കുമെന്ന പ്രതികളുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് മെഡിക്കൽകോളജ് പൊലീസ് നേരത്തെ അപേക്ഷ നൽകിയിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് നടപടി. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് സുരക്ഷാ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കും മാദ്ധ്യമപ്രവർത്തനും മർദ്ദനമേറ്റു. ആദ്യം പൊലീസ് കേസ് എടുക്കാൻ വിസമ്മതിച്ചു. സംഭവം വിവാദമായതോടെ ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളിയതോടെ അഞ്ച് പ്രതികൾ നടക്കാവ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിനായില്ല.
കേസിന്റെ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്നാണ് ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്റേയും വാദം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും ഡിവൈഎഫ്ഐ പരാതി അയച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.