ഹവാന: ക്യൂബയിലെ ഈശോ സഭ തലവനായ ഫാ. ഡേവിഡ് പാന്തലിയോണിനെ ഭരണകൂടം പുറത്താക്കി. റസിഡന്‍സി പെര്‍മിറ്റ് പുതുക്കിയില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ രാജ്യത്തു നിന്നും പുറത്താക്കിയത്.
സെപ്റ്റംബര്‍ 13 ന് ഫാ. ഡേവിഡ് പാന്തലിയോണ്‍ രാജ്യം വിട്ടുപോയെന്നും പെര്‍മിറ്റ് പുതുക്കാത്തതാണ് കാരണമെന്നും ലാറ്റിന്‍ അമേരിക്കയിലെ ഈശോസഭയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. ക്യൂബന്‍ ഭരണകൂടം വൈദികന്റെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സ്പാനീഷ് ന്യൂസ് ഏജന്‍സി പറയുന്നു.
ഈശോ സഭാംഗങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയവും വിമര്‍ശനാത്മകവുമായ അഭിപ്രായങ്ങള്‍ പുരോഹിതനായ ഡേവിഡ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തയാറായില്ല. തുടര്‍ന്ന് ക്യൂബന്‍ സ്വേച്ഛാധിപത്യം വിദേശികള്‍ക്കുള്ള റസിഡന്‍സ് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന തീരുമാനം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫാ. ഡേവിഡ് പാന്തലിയോണ്‍ നാടു വിടേണ്ടി വന്നത്.
'ക്യൂബന്‍ സര്‍ക്കാര്‍ സ്വേച്ഛാധിപത്യ ശക്തി ഉപയോഗിച്ച് വൈദികനെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്നു. അവര്‍ സത്യത്തെ ഭയപ്പെടുന്നു, നന്മയുടെ മുഖത്തെ അവര്‍ ഭയപ്പെടുന്നു, അവരെ അലട്ടുന്ന കാര്യങ്ങളില്‍ നിന്ന് മോചനം നേടുക എന്നതാണ് അവരുടെ ഏക പോംവഴി' - സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് കര്‍ദ്ദിനാള്‍ സാഞ്ച സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ അരിയാഗ്‌ന ബ്രിട്ടോ റോഡ്രിഗസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സേവനത്തിനിടയില്‍ ഫാ. ഡേവിഡ് പാന്തലിയോണ്‍ തടവിലാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ നന്മക്കായി പല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഒപ്പം വിവിധ സന്യാസ സമൂഹങ്ങളുമായി ചേര്‍ന്ന് സമൂഹത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തികളാണ് അധികാരികളെ ചൊടിപ്പിക്കുകയും താമസത്തിനുള്ള അനുമതി പുതുക്കിനല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തത്.
ക്യൂബന്‍ മത പുരുഷന്മാരുടെയും സ്ത്രീകളുടെയും കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കൂടിയാണ് ഫാ. ഡേവിഡ് പാന്തലിയോണ്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.