കാലിഫോർണിയ: പണമിടപാടുകളുടെ സുരക്ഷയ്ക്കായി സ്ഥിരമായി ഉപദേശിക്കുന്ന ഗൂഗിളിനും അമളിപറ്റുമോ? ഇല്ല എന്ന് പറയാൻ വരട്ടെ. ഒരു ഹാക്കറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ രണ്ടര ലക്ഷം ഡോളറാണ് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്തു കൊടുത്തത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ട് കോടി വരും.
കഴിഞ്ഞ മാസമാണ് ഗൂഗിളിന് ഇങ്ങനൊരു അബദ്ധം സംഭവിച്ചത്. ഹാക്കറും നെബ്രാസ്‌കയിലെ നഗരമായ ഒമാഹയിൽ യുഗ ലാബ്‌സിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറുമായ സാം കറിയുടെ അക്കൗണ്ടിലേക്കാണ് 249,999 ഡോളർ എത്തിയത്. എന്നാൽ ഹാക്കര്‍ മാന്യനായിരുന്നു. അതുകൊണ്ട് തന്നെ പണം തിരികെ കൊടുക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു.
സാം കറി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗൂഗിളിന്റെ അബദ്ധം ലോകത്തെ അറിയിച്ചത്. പണം ലഭിച്ചിട്ട് മൂന്നാഴ്ച്ചയോളമായെന്ന് സാം പറയുന്നു. എന്നാൽ ഈ ഭീമമായ നിക്ഷേപത്തിന് ഗൂഗിൾ വിശദീകരണമൊന്നും നൽകിയില്ല. ഇതോടെ എന്തിനാണ് തനിക്ക് ഇത്രയും പണം ഗൂഗിള്‍ തന്നതെന്ന കാര്യത്തില്‍ ഇരുട്ടിൽ തപ്പുകയായിരുന്നു സാം.
ഗൂഗിള്‍ ഇങ്ങനെ സഹായധനം നല്‍കുമെന്ന് കേട്ടിട്ടില്ല. ഗൂഗിളിന് വേണ്ടി മുമ്പ് ബഗ് ബൗണ്ടി ഹണ്ടിംഗ് നടത്തിയിട്ടുണ്ട്. ടെക് കമ്പനികൾ അവരുടെ സോഫ്റ്റ്‌വെയറിലെ പിഴവുകൾ കണ്ടെത്താൻ ആളുകൾക്ക് പണം നൽകുന്ന ഒരു സംവിധാനമാണിത്.
എന്നാല്‍ ഇപ്പോഴത്തെ പണവും അതും തമ്മില്‍ ഒരു ബന്ധവും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സാം പറയുന്നു. ഇതോടെ പരസ്പരം ബന്ധപ്പെടാന്‍ സാധിക്കുമോയെന്ന് ഇദ്ദേഹം ഗൂഗിളിനെ ടാഗ് ചെയ്ത ട്വീറ്റ് ചെയ്തത്. പണം തിരികെ ആവശ്യമില്ലെങ്കിൽ കുഴപ്പമില്ല എന്നും സാം ട്വീറ്റിൽ പറഞ്ഞു.
ഗൂഗിള്‍ സാമിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയും ചെയ്തു. ഗൂഗിൾ അടുത്തിടെ ഒരു പേമെന്റ് നടത്തിയെന്നും, അത് ലഭിച്ചത് തെറ്റായ വ്യക്തിക്കാണെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു. അത് മനുഷ്യസഹജമായ പിഴവാണ്.
പണം ലഭിച്ചയാള്‍ കൃത്യമായി ആശയവിനിമയം നടത്തി. പ്രശ്നം തിരുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. വ്യാഴാഴ്ച്ച വരെ ഈ പണം തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നുവെന്ന് സാം പറഞ്ഞു.
പണത്തില്‍ നിന്ന് സാം ഒരു ഡോളര്‍ പോലും ചെലവാക്കിയിട്ടില്ല. ഇത് ചെലവാക്കിയിരുന്നെങ്കിലും നിയമപരമായ ചോദ്യങ്ങൾ ഉണ്ടാകില്ലായിരുന്നു. എന്നാൽ ഗൂഗിളിനെ വിവരം അറിയിക്കാനാണ് സാം ശ്രമിച്ചത്. കൂടാതെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റി നികുതിയില്‍ നിന്ന് ഒഴിവാകാനും സാം ശ്രമിച്ചിരുന്നു.
സാം കാണിച്ച സത്യസന്ധതയ്ക്ക് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പണം ലഭിച്ച കാര്യം ആരെയും അറിയിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതേസമയം നിരവധി പേര്‍ ഗൂഗിളിന് പറ്റിയ അബദ്ധത്തില്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.