അടുത്തിടെ ടാര്‍ ചെയ്ത പകുതിയോളം റോഡുകളും പൊളിഞ്ഞെന്ന് വിജിലന്‍സ്

അടുത്തിടെ ടാര്‍ ചെയ്ത പകുതിയോളം റോഡുകളും പൊളിഞ്ഞെന്ന് വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പകുതിയിലധികം റോഡുകളും പൊളിഞ്ഞെന്ന് വിജിലന്‍സ് റിപ്പോർട്ട്. റോഡ് നിർമ്മാണത്തിലെ അപകാതയും ക്രമക്കേടും കണ്ടെത്തുന്നതിനായുളള ഓപ്പറേഷൻ രാസ്ത മൂന്നിൻ്റെ ഭാഗമായി  സംസ്ഥാന വ്യപകമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി 148 റോഡുകള്‍ പരിശോധിച്ചപ്പോള്‍  67 റോഡുകളിലും കുഴികള്‍ കണ്ടെത്തിയിട്ടുണ്ട്. 19 റോഡുകളുടെ നിർമ്മാണത്തിന് ആവശ്യത്തിന് ടാറും ഉപയോഗിച്ചിട്ടില്ലെന്നാണ് വിജിലൻസിൻ്റെ പരിശോധനയിൽ വ്യക്തമായത്. 

തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള 115 റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 24 റോഡുകളും കെ.എസ്.ടി.പി പദ്ധതി പ്രകാരം നിർമ്മിച്ച ഒമ്പത് റോഡുകളുമാണ് വിജിലൻസ് പരിശോധിച്ചത്.

ആറു മാസത്തിനുള്ളിൽ നിർമ്മിച്ചതോ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചതോ ആയ റോഡുകളാണ് പരിശോധനക്കായി തെരഞ്ഞെടുത്തത്. ഇങ്ങനെയുള്ള 148 റോഡുകളിൽ 67 റോഡുകളിലും കുഴികൾ കണ്ടെത്തി. 19 റോഡുകളിൽ ആവശ്യത്തിന് ടാറില്ലെന്ന് സാമ്പിള്‍ പരിശോധനയിൽ വ്യക്തമായി. കൊല്ലം ജില്ലയിൽ പരിശോധിച്ച ഒരു റോഡിൻ്റെ നിർമ്മാണത്തിനായി റോഡ് റോളർ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 

റോഡിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച ശേഷം കരാറുകാർ‍ക്കും  ഉദ്യോഗസ്ഥർക്കുമെതിരായ റിപ്പോർട്ട് വിജിലൻസ് സർക്കാരിന് കൈമാറും. റോഡുനിർമ്മാണത്തിലടക്കം അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന ടോള്‍ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കണമെന്നും വിജിലൻസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.