എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നാളെ: എത്തുന്നത് നൂറിലേറെ രാഷ്ട്ര തലവന്മാർ; ഒരുക്കങ്ങൾ പൂർത്തിയായി

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നാളെ: എത്തുന്നത് നൂറിലേറെ രാഷ്ട്ര തലവന്മാർ; ഒരുക്കങ്ങൾ പൂർത്തിയായി

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാരം സമ്പൂർണ്ണ രാജകീയ ചടങ്ങുകളോടെ നാളെ നടക്കും. പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്.

വെസ്‌റ്റ്മിനിസ്റ്റര്‍ ആബിയിലെ ശുശ്രൂഷയ്ക്ക് ശേഷം രണ്ട് മിനിറ്റ് നേരം മൗനം ആചരിക്കും. തുടര്‍ന്ന് വിന്‍ഡ്‌സറില്‍ എത്തിക്കുന്ന മൃതദേഹം സെന്‍റ് ജോര്‍ജ് ചാപ്പലിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ചാപ്പലിൽ ചാള്‍സ് മൂന്നാമന്‍ രാജാവും രാജകുടുംബത്തിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളും പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങ് നടക്കും. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിക്കും അന്ത്യവിശ്രമം.

രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം നൂറിലേറെ രാഷ്ട്രത്തലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ശനിയാഴ്ച രാത്രിയോടെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി. ഗാഡ്‌വിക്ക് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രാഷ്‌ട്രപതിയേയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയെയും ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമിഷണര്‍ സ്വീകരിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യയുടെ പേരില്‍ രാഷ്‌ട്രപതി അനുശോചനം അറിയിക്കും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി പത്ത് മണിയോടെ ലണ്ടനിലെത്തി. വെസ്‌റ്റ്‌മിന്‍സ്റ്റർ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്  അന്തിമോപചാരം അര്‍പ്പിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി, ന്യൂസിലാന്‍ഡ് പ്രസിഡന്റ് ജസീന്ത ആര്‍ഡണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ, ജർമന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ തുടങ്ങി നൂറോളം രാഷ്ട്ര തലവന്മാർ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് ക്ഷണമുണ്ടെങ്കിലും വൈസ് പ്രസിഡന്റ് വാങ് ചിഷാനായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, ചക്രവര്‍ത്തിനി മസാകോ, സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമന്‍, രാജ്ഞി ലെറ്റിസിയ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മറ്റില്‍ഡ, നെതര്‍ലന്‍ഡ് രാജാവ് വില്ല്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, മൊണാക്കോ എന്നിവിടങ്ങളിലെ രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തും.

യുകെയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലെ രാഷ്‌ട്രതലവന്മാര്‍ക്കാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം. ഉക്രെയ്‌ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് ക്ഷണമില്ല. സിറിയ, വെനസ്വല, അഫ്‌ഗാനിസ്ഥാന്‍, മ്യാന്‍മര്‍, റഷ്യ, ബെലാറുസ് എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരെയും ക്ഷണിച്ചിട്ടില്ല. ഇറാന്‍, ഉത്തര കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട 2,000 അതിഥികളും സംസ്കാരം ചടങ്ങിൽ പങ്കെടുക്കും.

നാളെ അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങൾ ഇന്നലെ പൂർണ റിഹേഴ്സൽ നടത്തി. വിൻഡ്സർ കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലാണു പരിശീലനം നടത്തിയത്.

വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിനു ആദരം അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. ഹാളിലേക്ക് പ്രവേശിക്കാൻ 16 മണിക്കൂർ വരെ പലർക്കും കാത്തുനിൽക്കേണ്ടി വന്നു. ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം 13 മണിക്കൂർ വരി നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്. ഇന്ന് പൊതുദർശനം അവസാനിക്കുന്നതിനാൽ രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവരുടെ ഒഴുക്ക് വർധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.