കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ഡൽഹി യാത്ര ഒഴിവാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ഗവര്‍ണര്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്നതായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച രണ്ട് കത്തുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അതോടൊപ്പം തന്നെ മുന്‍പ് ആരോപിച്ച ചില കാര്യങ്ങള്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
കേരളത്തില്‍ മാത്രമാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംംസ്ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടേയെന്നും താന്‍ ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.