മെല്‍ബണ്‍ കാത്തലിക് ലോയേഴ്സ് അസോസിയേഷന്‍ വാര്‍ഷിക വിരുന്നില്‍ ജഡ്ജി സൈമണ്‍ സ്റ്റെവാര്‍ഡും മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോളിയും
മെല്‍ബണ്‍: കത്തോലിക്കാ അഭിഭാഷകര്‍ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ കാത്തലിക് ലോയേഴ്സ് അസോസിയേഷന്‍ (എം.സി.എല്‍.എ) വാര്‍ഷിക യോഗം. 'വര്‍ധിച്ചുവരുന്ന മതേതര ലോകത്തില്‍ ക്രിസ്ത്യന്‍ ജഡ്ജി' (The Christian judge in an increasingly secular world) എന്ന വിഷയത്തില്‍ ഹൈക്കോടതി ജസ്റ്റിസ് സൈമണ്‍ സ്റ്റീവാര്‍ഡ് മുഖ്യപ്രഭാഷണം നടത്തി.
ടാക്‌സേഷനിലും വാണിജ്യ നിയമത്തിലും ശ്രദ്ധേയമായ കരിയര്‍ വളര്‍ത്തിയെടുത്ത ജസ്റ്റിസ് സൈമണ്‍ സ്റ്റീവാര്‍ഡ് തന്റെ കത്തോലിക്കാ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ളതായി ആമുഖ പ്രഭാഷകന്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ സമൂഹത്തിനുള്ളില്‍ മാത്രമല്ല സ്വന്തം കുടുംബത്തിലും നടക്കുന്ന, മതേതരവല്‍ക്കരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ജസ്റ്റിസ് സൈമണ്‍ തന്റെ പ്രസംഗം ആരംഭിച്ചത്. മതേതര ലോകത്ത് ദൈവത്തിന് സാക്ഷ്യം വഹിക്കുന്നത് ഏറെ പ്രധാനമാണെന്നും തന്റെ അടിയുറച്ച കത്തോലിക്കാ വിശ്വാസം മൂലം പലരുടെയും അഭിപ്രായങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാന്‍ സാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
'അടുത്തിടെ പുറത്തുവിട്ട, ഓസ്‌ട്രേലിയയിലെ ജനസംഖ്യാ കണക്കില്‍ അഞ്ചു വര്‍ഷത്തിനിടെ ഏഴു ശതമാനത്തോളം ക്രൈസ്തവര്‍ കുറഞ്ഞതായി വെളിപ്പെടുത്തുന്നു. അഞ്ചു വര്‍ഷത്തിനിടെ അവര്‍ എവിടെ പോയി എന്നു ചിന്തിക്കണം'.
കത്തോലിക്ക അഭിഭാഷകര്‍ പൊതുസേവനം, നിയമത്തോടുള്ള വിശ്വസ്തത, മറ്റുള്ളവരുടെ വിശ്വാസം പരസ്യമായി അംഗീകരിക്കുക എന്നിവയിലൂടെ ക്രൈസ്തവ പൈതൃകം ഉയര്‍ത്തിപ്പിടിക്കണമെന്ന് ജസ്റ്റിസ് സൈമണ്‍ പറഞ്ഞു.
നിയമവാഴ്ചയോട് വിശ്വസ്തത പുലര്‍ത്താന്‍ അഭിഭാഷകരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. മനുഷ്യ മനസാക്ഷിയോടും സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം, തെളിവുകളുടെ സൂക്ഷ്മമായ പരിശോധന, നീതി, നിയമം കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമുള്ള സമര്‍പ്പണം എന്നിവ ഓരോ ക്രിസ്ത്യന്‍ അഭിഭാഷകന്റെയും ബാധ്യതകളാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ നിയമവിദഗ്ധര്‍ ഉള്‍പ്പെടെ 130-ലധികം അതിഥികള്‍ സന്നിഹിതരായിരുന്നു. ജഡ്ജിമാര്‍, വിരമിച്ചവര്‍, വിക്ടോറിയന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് റോയ്സിന്‍ ആനെസ്ലി, ബാരിസ്റ്റര്‍മാര്‍, അഭിഭാഷകര്‍, മറ്റ് നിയമ വിദഗ്ധര്‍, നിയമ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോളിയുടെയും മെല്‍ബണിലെ ഏഴ് വൈദികരുടെയും സാന്നിധ്യവുമുണ്ടായിരുന്നു. അവരില്‍ പ്രമുഖ മനുഷ്യാവകാശ പണ്ഡിതനും ന്യൂമാന്‍ കോളജ് റെക്ടറുമായ ഫ്രാങ്ക് ബ്രണ്ണന്‍ എസ്‌ജെ, എം.സി.എല്‍.എ ചാപ്ലെയിന്‍ ഫാ. കാമറൂണ്‍ ഫോര്‍ബ്‌സ് എന്നിവരും ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26