തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗവര്‍ണറുടെ തുറന്നു പറച്ചില്‍ പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ നിയമ വിരുദ്ധമായും ക്രമവിരുദ്ധമായും വിദ്യാഭ്യാസമന്ത്രിയും സര്‍ക്കാരും ഇടപെടുകയും അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗവര്‍ണര്‍ നിയമ വിരുദ്ധമായി വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം കൊടുക്കുകയും ചെയ്തതായി പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഗവര്‍ണറും ഇക്കാര്യം സ്ഥിരീകരിച്ചു. കേരള ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ചെയ്തിട്ടുണ്ടാവില്ല.
നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്ന ഗവര്‍ണറുമായി സന്ധിയുണ്ടാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഗവര്‍ണര്‍ സര്‍ക്കാരിനെ ഉപദ്രവിക്കുന്നുവെന്നാണ്. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെറ്റ് ചെയ്തതെന്ന് ഗവര്‍ണര്‍ ഏറ്റു പറഞ്ഞിരിക്കുന്നു. ഇതുകൊണ്ട് തെറ്റ് തെറ്റല്ലാതാവില്ല.
ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ലോകായുക്ത ബില്ലും സര്‍വകലാശാലാ ബില്ലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതിനെ പ്രതിപക്ഷവും സ്വാഗതം ചെയ്യുന്നു. തങ്ങള്‍ ഇത് നേരത്തെ ആവശ്യപ്പെട്ടതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതികരിച്ചു. ഗവര്‍ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരണം നടത്തുന്നത്. കേരളത്തിന് നാളിതുവരെ പരിചയമില്ലാത്ത ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.
ചരിത്ര കോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ അക്രമം ഗവര്‍ണര്‍ തുറന്നു പറഞ്ഞിട്ടും പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവര്‍ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്.
വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎമ്മും ചെയ്യുന്നത്. നാളിതുവരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഗവര്‍ണറുടെ തുറന്ന് പറച്ചിലൂടെ വ്യക്തമായത്. മുഖ്യമന്ത്രി പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.
ഈ വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും പലവിഷയങ്ങളിലും പരസ്യമായി തര്‍ക്കിക്കുകയും ഒടുവില്‍ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്. മുഖ്യമന്ത്രിയും ഗവര്‍ണറും ഇപ്പോള്‍ നടത്തുന്ന പരസ്പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.