എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്ര ആരംഭിച്ചു; ഭൗതികദേഹം വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്ക്

എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്ര ആരംഭിച്ചു; ഭൗതികദേഹം വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്ക്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര ആരംഭിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ നിന്ന് വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്കാണ് ഭൗതികദേഹം കൊണ്ടു പോകുന്നത്.

പ്രാദേശിക സമയം 12 മണിയോടെ (ഇന്ത്യന്‍ സമയം വൈകിട്ട് 4.30) ആരംഭിച്ച ചടങ്ങില്‍ രാജ്ഞിയുടെ മൂത്ത മകനും രാജാവുമായ ചാള്‍സ് മൂന്നാമന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ പിന്നാലെ അകമ്പടി സേവിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് ജനങ്ങളാണ് മണിക്കൂറുകളോളം ക്യൂ നിന്ന് അവസാനമായി രാജ്ഞിയ്ക്ക് ആദരവര്‍പ്പിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍, കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ നേതൃത്വം വഹിക്കുന്നു. സെന്റ് ജോര്‍ജ് ചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ ശവകുടീരത്തിന് അരികിലാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യവിശ്രമം.

ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറലും അനുസ്മരണ പ്രസംഗം നടത്തും. രാജ രഥത്തില്‍ ഭൗതികശരീരം 142 റോയല്‍ നേവി അംഗങ്ങള്‍ ചേര്‍ന്നാണ് നിയന്ത്രിക്കുന്നത്. ഗണ്‍ ക്യാരേജില്‍ ദി മാള്‍ വഴിയാണ് വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്ക് ഭൗതികശരീരം കൊണ്ടു പോകുന്നത്. തുടര്‍ന്ന് ഭൗതികദേഹം വിന്‍സര്‍ കാസിലില്‍ എത്തിക്കും.

പ്രാദേശിക സമയം വൈകിട്ട് 5.30 ഓടെ രാജ കുടുംബാംഗങ്ങളുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും സാന്നിധ്യത്തില്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ രണ്ടാംഘട്ട സംസ്‌കാര ചടങ്ങ് ആരംഭിക്കും. വളരെ അടുത്ത ബന്ധുക്കളാണ് ഈ ചടങ്ങിലുണ്ടാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.