വത്തിക്കാന്‍ സിറ്റി: നന്മ ചെയ്യുന്നതിലും ദൈനംദിന ജീവിതത്തില്‍ സുവിശേഷപ്രകാരം ജീവിക്കുന്നതിലും സര്‍ഗാത്മകതയും വിവേകവും ജാഗ്രതയും ഒരുപോലെ പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഈ ലോകത്തിലെ എല്ലാ വിഭവങ്ങളും ഏറ്റവും ദുര്‍ബലര്‍ക്കായി പങ്കിടുന്നതില്‍ ഉദാരമനസ്‌കത കാണിക്കുകയും അതിലൂടെ സഹോദര സ്‌നേഹവും സാമൂഹിക കൂട്ടായ്മയും നിലനിര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
ഞായറാഴ്ച ത്രികാല പ്രാര്‍ഥനയോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍, വിവിധ രാജ്യങ്ങളില്‍നിന്ന് വന്നുചേര്‍ന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദിവ്യബലി മദ്ധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പതിനാറാം അദ്ധ്യായം ഒന്നു മുതല്‍ 13 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനു വിധേയമാക്കിയത്. യേശു പറഞ്ഞ, യജമാനന്റെ സ്വത്ത് അപഹരിച്ച അഴിമതിക്കാരനായ കാര്യസ്ഥന്റെ ഉപമയാണ് പാപ്പ വിശദീകരിച്ചത്.
യജമാനന്റെ സ്വത്ത് അപഹരിക്കുകയും പിന്നീട് യജമാനന്‍ അത് കണ്ടുപിടിച്ചപ്പോള്‍ സ്വയം രക്ഷപ്പെടാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കുകയും ചെയ്യുന്ന അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ച് ഉപമയിലൂടെ യേശു വിശദീകരിക്കുന്നു. ഈ ഉപമയുടെ സാരാംശം മനസിലാക്കുന്നത് ആദ്യം ബുദ്ധിമുട്ടായിരിക്കുമെങ്കിലും യേശു ഇവിടെ നമുക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന പാഠം എന്താണെന്നു ചിന്തിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു.
ഉപമയില്‍ മാര്‍പാപ്പ കാര്യസ്ഥനെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തുന്നു. ഒന്നാമതായി, യജമാനന്റെ സ്വത്തുക്കള്‍ അപഹരിച്ചിട്ടും അഴിമതിക്കാരനായ ഈ കാര്യസ്ഥന്‍ സ്വയം ഇരയായിത്തീരുകയോ, വിധിക്ക് കീഴടങ്ങുകയോ ചെയ്യുന്നില്ല. മറിച്ച് താന്‍ കുറ്റക്കാരനാകുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ കൗശലത്തോടെ പ്രവര്‍ത്തിക്കുന്നു.
ഈ കാലഘട്ടത്തിലെ കുട്ടികള്‍ കൂടുതല്‍ വിവേകശാലികളാണ്. കുഴപ്പങ്ങള്‍ക്കിടയിലും എങ്ങനെ രക്ഷപ്പെടാമെന്ന് കുശാഗ്രബുദ്ധിയോടെ ചിന്തിക്കാന്‍ അവന് കഴിയുന്നു. മറിച്ച്, യേശുവിന്റെ ശിഷ്യന്മാരായ നമുക്ക് ബുദ്ധിമുട്ടുകളില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ എങ്ങനെ മുന്‍കൈയെടുക്കണമെന്ന് അറിയില്ല. അല്ലെങ്കില്‍ ജാഗ്രത പുലര്‍ത്താതിരിക്കുകയും നിഷ്‌കളങ്കരായിരിക്കുകയും ചെയ്യുന്നു.
എന്നാല്‍ സുവിശേഷം പിന്തുടരുമ്പോള്‍, യാഥാര്‍ത്ഥ്യത്തെ വിവേചിച്ചറിയാനും ശരിയായ പരിഹാരം തേടാനും കഴിയും. നാം ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധതയും സര്‍ഗാത്മകതയും പുലര്‍ത്താന്‍ ജാഗരൂകരായിരിക്കണമെന്ന് യേശു ഉപമയിലൂടെ ചൂണ്ടിക്കാട്ടുന്നതായി പാപ്പ പറഞ്ഞു.
സുവിശേഷത്തിന്റെ ചാതുര്യത്തോടെയും സര്‍ഗാത്മകതയോടെയും നന്മ ചെയ്യണമെന്ന് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
യേശു നല്‍കുന്ന മറ്റൊരു ഉപദേശം, ഉദാരമനസ്‌കതയിലൂടെ സഹോദരബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. നമുക്കുള്ളത് ആവശ്യക്കാര്‍ക്കു പങ്കിടുകയും അതിലൂടെ മറ്റുള്ളവരെ സേവിക്കുകയും ചെയ്യണമെന്ന് അവിടുന്ന് ഉദ്‌ബോധിപ്പിക്കുന്നു.
നിത്യജീവന്റെ അവകാശിയാകാന്‍ ഈ ലോകത്തില്‍ ഭൗതികമായ വസ്തുക്കള്‍ ശേഖരിക്കേണ്ട ആവശ്യമില്ല. സഹോദര ബന്ധങ്ങളില്‍ നാം പ്രകടിപ്പിക്കുന്ന സ്‌നേഹമാണ് പ്രധാനമെന്നും മാര്‍പാപ്പ പറഞ്ഞു. ഈ ലോകത്തിലെ വസ്തുക്കള്‍ നമ്മുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി മാത്രമായി ഉപയോഗിക്കരുതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും ദുര്‍ബ്ബലരായവരെ പരിപാലിക്കുന്നതിനും വിനിയോഗിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
ഇന്നത്തെ ലോകത്തില്‍ അഴിമതിയുടെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. സത്യസന്ധമല്ലാത്ത പെരുമാറ്റം, അന്യായമായ നയങ്ങള്‍, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തിരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തുന്ന സ്വാര്‍ത്ഥത, കൂടാതെ നിരവധിയായ മറ്റ് ദുരൂഹമായ സാഹചര്യങ്ങള്‍ എന്നിവയുടെ കഥകള്‍ എന്നും കേള്‍ക്കുന്നു.
എന്നാല്‍ ക്രൈസ്തവരായ നാം നിരുത്സാഹപ്പെടാനോ, അഴിമതിയോട് നിസംഗത പുലര്‍ത്തുന്നവരോ ആകരുത്. മറിച്ച് സുവിശേഷത്തിന്റെ ചാതുര്യത്തോടെയും വിവേകത്തോടെയും കര്‍ത്താവില്‍ നിന്ന് നമുക്ക് ലഭിച്ച ദാനങ്ങളും ഭൗതികവസ്തുക്കളും ഉപയോഗിച്ച് നന്മ ചെയ്യുന്നതില്‍ സര്‍ഗാത്മകത പുലര്‍ത്താന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു. സ്വയം സമ്പന്നരാകാന്‍ ശ്രഗമിക്കാതെ സഹോദര സ്‌നേഹവും സാമൂഹിക സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ ഓര്‍മിപ്പിച്ചു. അതിനായി മാധ്യസ്ഥം വഹിക്കാന്‍
പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
തന്നെപ്പോലെ ആത്മാവില്‍ ദരിദ്രരും, പരസ്പരം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമ്പന്നരുമായിരിക്കാന്‍ അമ്മ നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ഥിച്ച് പാപ്പ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.