ടെഹ്റാൻ: ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ മഹ്‌സ അമിനി ഇറാനിലെ സ്ത്രീ സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറുന്നു. മഹ്‌സ അമിനിയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ഇറാനിയൻ പോലീസ് പറഞ്ഞു. എന്നാൽ പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം അധികാരികൾ നിഷേധിക്കുകയാണ്.
കുർദ് വംശജയായ അമിനിയുടെ മരണത്തിനെതിരായ പ്രതിഷേധത്തിനിടെ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ തിങ്കളാഴ്ച ഇറാനിലെ കുർദിഷ് മേഖലയിൽ നാല് പേർ കൊല്ലപ്പെട്ടതായി കുർദിഷ് സംഘടന അറിയിച്ചു. ഇറാനിലെ കുർദ് മേഖലയിലാണ് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ടെഹ്റാനിലെ തെരുവുകളിലും അനേകർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
മഹ്‌സയുടെ മരണത്തിനിടയായ ഇറാന്റെ സദാചാര പോലീസിന്റെ പ്രവർത്തനങ്ങളെ നിരവധി മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും അപലപിച്ചു. മഹ്‌സയുടെ മരണം ദയനീയമാണെന്നും പോലീസ് അവളുടെ ഭാവി കവർന്നെടുത്തുവെന്നും ആസ്‌ട്രേലിയയിലെ ഇറാനിയൻ വിമൻസ് അസോസിയേഷൻ (ഐഡബ്ല്യുഎ) പറഞ്ഞു.
"അനുചിതമായി" ഹിജാബ് ധരിച്ചതിന് പോലീസ് കസ്റ്റഡിയിലിരിക്കെ പരിക്കേറ്റതിന് ശേഷമുള്ള മഹ്‌സ അമിനിയുടെ മരണം മനുഷ്യാവകാശങ്ങളോടുള്ള ഭയാനകവും നിന്ദ്യവുമായ അവഹേളനമാണെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് പ്രസ്താവിച്ചു.
സ്ത്രീകൾക്കെതിരെയുള്ള വ്യവസ്ഥാപരമായ പീഡനം അവസാനിപ്പിക്കുന്നതിനും സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നതിനും ഇറാനിയൻ സർക്കാരിനെ ആഹ്വാനം ചെയ്യുന്നതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ഇസ്ലാമിക ധാർമ്മികത പ്രോത്സാഹിപ്പിക്കുന്ന ഇറാനിലെ ഒരു ഔദ്യോഗിക സംഘടന, ഹിജാബ് ധരിക്കുന്നതിൽ ഇറാൻ, നിയമങ്ങൾ നടപ്പിലാക്കുന്ന രീതി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ സ്ത്രീകൾക്ക് കൂടുതൽ പ്രോത്സാഹനവും പോലീസിംഗ് കുറയ്ക്കാനും ആഹ്വാനം ചെയ്തു.
പേർഷ്യക്കാർക്കും അസർബൈജാനികൾക്കും ശേഷം ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വംശീയ വിഭാഗമാണ് ഇറാനിലെ കുർദുകൾ. രാജ്യത്തെ ജനസംഖ്യയുടെ 10% അവർ ഉൾപ്പെടുന്നു. കുർദുകൾ കൂടുതൽ അധിവസിക്കുന്നത് ഇറാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ്. ഇറാനിയൻ കുർദിസ്ഥാൻ എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.ഹിജാബ് അടിച്ചേൽപ്പിക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാനാവാതെ പ്രയാസപ്പെടുകയാണ് ഇബ്രാഹിം റെയ്‌സി നേതൃത്വം നൽകുന്ന ഇറാനിലെ യാഥാസ്ഥിക സർക്കാർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.