തിരുവനന്തപുരം: വാർത്താ സമ്മേളനത്തിന് മുമ്പ് രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുഖ്യമന്ത്രിയുടെ ശകാരം. ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി ഗവർണറെ കണ്ടത് അനുനയ നീക്കത്തിനായിരുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശകാരം.
കഴിഞ്ഞ ദിവസം രാവിലെ 11.45-നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാർത്താ സമ്മേളനം. ഇതിന് തൊട്ടുമുമ്പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി. ജോയ് ഔദ്യോഗിക വാഹനത്തിൽ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. ഇത് സർക്കാരിന്റെ അനുനയ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് ഫോണിൽ വിളിച്ച് ശകാരിച്ചത്. തീരെ ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നായിരുന്നു മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് രൂക്ഷമായ ഭാഷയിൽ പറഞ്ഞത്. ഇങ്ങനെ വാർത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി അവിടെ പോകാൻ പാടില്ലായിരുന്നു എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
എന്നാൽ രണ്ട് ദിവസം മുമ്പുള്ള അപ്പോയിൻമെന്റ് പ്രകാരമാണ് ഗവർണറെ കണ്ടത് എന്നായിരുന്നു വി.പി. ജോയ് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. എങ്കിലും ഈ ദിവസം ഇത്തരത്തിൽ ഒരു കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുക്കരുതായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.