കൊച്ചി: താനും തന്റെ അമ്മയും, മുത്തശ്ശിയുമുൾപ്പെടെ മുൻ തലമുറയിലെ പലരും പഠിച്ചതും, തന്റെ മകൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും പഠിക്കുന്നതും ക്രൈസ്തവ സഹോദരങ്ങൾ നടത്തുന്ന സ്‌കൂളുകളിലാണെന്നും, കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് ക്രിസ്തീയ സമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണെന്നും സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ പറഞ്ഞു. സീന്യൂസ് ലൈവ് നടത്തിയ സൗഹൃദ സംവാദത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കാണുന്ന കേരളത്തിന്റെ വികസനത്തിനും നവോത്ഥാനത്തിനും ക്രിസ്ത്യൻ സമൂഹം നൽകിയ സംഭാവനകൾ തമസ്കരിക്കുന്നത് ശരിയായ നടപടിയല്ല. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ തോമാശ്ലീഹാ കേരളത്തിൽ എത്തിയെന്ന് തന്നെയാണ് ഇവിടുത്തെ ഹിന്ദുക്കളും വിശ്വസിക്കുന്നത്. അക്കാലം മുതൽ കേരളത്തിലെ ഹൈന്ദവ സമുദായത്തോട് ഇഴചേർന്ന് ഇവിടുത്തെ സാംസ്‌കാരിക പരിണാമത്തിന് വളരെ വലിയ സംഭാവനകളാണ് ക്രിസ്ത്യാനികൾ നല്കിയിട്ടുള്ളതെന്ന് രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ നവോത്ഥാനത്തിൽ അനേകരെ മാതൃകാ പുരുഷന്മാരായി ഉയർത്തിക്കാട്ടാൻ നമുക്ക് സാധിക്കും. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങിയവർക്കൊപ്പം പ്രയത്‌നിച്ച ഒരു വലിയ മനുഷ്യനായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവെന്ന് രാഹുൽ അനുസ്മരിച്ചു. കേരളത്തിലെ നവോത്ഥാനവുമായി ബന്ധപെട്ട് ഏതെങ്കിലും മതത്തിന്റെ പേര് പറഞ്ഞാൽ അവനെ വർഗീയവാദിയായി മുദ്രകുത്തുന്ന സമീപനമാണ് ഇപ്പോഴുള്ളത്. അത് ശരിയല്ല. സ്വന്തം വിശ്വാസം കാത്ത് സൂക്ഷിക്കുകയും, സ്വന്തം സമുദായത്തെ സ്നേഹിക്കുകയും ചെയ്യുമ്പോൾ, അപരന്റെ മതത്തെ ദ്വേഷിക്കാതിരിക്കുക എന്നതാണ് യഥാർത്ഥ മതേതരത്വം. സ്വാമി വിവേകാനന്ദന്റെ ബേലൂർ മഠത്തിൽ ഇന്നും വളരെ ഭംഗിയായി ക്രിസ്തുമസ്സ് ആഘോഷിക്കുന്നുണ്ട്. സ്വന്തം വിശ്വാസത്തിൽ വെള്ളം ചേർക്കാതെ അപര സമുദായത്തിലുള്ള നന്മകളെ സ്വീകരിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മൾ സ്വീകരിക്കേണ്ട മാതൃക.
കേരളത്തിലെ ക്രൈസ്തവ യുവജനങ്ങൾ സ്വന്തം സമുദായത്തെ കുറച്ചുകൂടെ സ്നേഹിക്കണമെന്നും, ക്രൈസ്തവരിലെ ജനന നിരക്ക് കുറവായത് കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ താറുമാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകിയുള്ള വിവാഹവും, അനാവശ്യമായ ആസൂത്രണവും, ക്രിസ്തീയ സമുദായത്തിലെ ജനസംഖ്യാ നിരക്ക് കുറയ്ക്കാൻ കരണമായിട്ടുണ്ടെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
സംവാദത്തിന്റെ പൂർണ്ണരൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.