ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ടാസ്മാനിയയില്‍ പരിസ്ഥിതി സ്‌നേഹികളെ ആശങ്കയിലാഴ്ത്തി നൂറിലേറെ തിമിംഗിലങ്ങളുടെ കൂട്ടമരണം. ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്താണ് 230 പൈലറ്റ് തിമിംഗിലങ്ങള്‍ കടല്‍ത്തീരത്തു കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അതില്‍ 200 തിമിംഗിലങ്ങള്‍ ചത്തു. ജീവനോടെയുള്ള 35 എണ്ണത്തിനെ കടലിന്റെ ആഴങ്ങളിലേക്കു തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
തീരദേശ നഗരമായ സ്ട്രഹാനില്‍ ഓഷ്യന്‍ ബീച്ചിലാണ് തിമിംഗിലങ്ങള്‍ കൂട്ടത്തോടെ അടിഞ്ഞത്. ഇതിനടുത്തുള്ള മക്വാരി ഹാര്‍ബറിലെ മണല്‍പ്പരപ്പിലും തിമിംഗിലങ്ങള്‍ പുതഞ്ഞു.
കരയിലെത്തിയ തിമിംഗിലങ്ങളില്‍ ജീവനുള്ളവയെ തീരത്തുണ്ടായിരുന്നവരും വിവിധ വിഭാഗങ്ങളിലുള്ള രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കടലിലേക്ക് സുരക്ഷതമായി തിരിച്ചയച്ചതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൗത്ത് വെസ്റ്റ് എക്സ്പെഡിഷനിലെ സാം ജെറിറ്റി പറഞ്ഞു.
കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞ 230 തിമിംഗിലങ്ങളില്‍ 35 എണ്ണം മാത്രമാണു ജീവനോടെയുള്ളത്. ഇതിനൊപ്പം കടല്‍ത്തീരത്തെ ഭൂരിഭാഗം സസ്തനികളും നശിച്ചതായി സാം ജെറിറ്റി പറഞ്ഞു.
തണുത്തുറഞ്ഞ കടല്‍, കരയുമായി സന്ധിക്കുന്നിടത്താണ് തിമിംഗിലങ്ങള്‍ അടിഞ്ഞിരിക്കുന്നത്. ഇവയില്‍ ജീവനുള്ളവയെ സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ നനഞ്ഞ തുണികള്‍ ഉപയോഗിച്ച് പുതപ്പിക്കുകയും മറ്റും ചെയ്യുന്നുണ്ട്.
കടല്‍ത്തീരത്ത് അടിഞ്ഞ തിമിംഗിലത്തെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നനഞ്ഞ തുണികള്‍ കൊണ്ട് പുതപ്പിച്ചിരിക്കുന്നു
കടലിലേക്കു വിട്ട തിമിംഗിലങ്ങള്‍ വീണ്ടും തീരത്തേക്കു തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ അവയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.
സാധാരണയായി രക്ഷാപ്രവര്‍ത്തകര്‍ വെള്ളത്തിലേക്ക് ഊളിയിട്ട് തിമിംഗിലങ്ങളെ ആഴക്കടലിലേക്ക് പോകാന്‍ സഹായിക്കുകയാണ് ചെയ്യാറ്. ഇത്തവണ ഒരു അക്വാ കള്‍ച്ചര്‍ സ്ഥാപനത്തിന്റെ മെക്കാനിക്കല്‍ സഹായത്തോടെ യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് തിമിംഗിലങ്ങളെ ഉയര്‍ത്തിയാണ് കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോട്ടുകളുടെ സഹായത്തോടെയാണ് ആഴക്കടലില്‍ എത്തിക്കുന്നത്.
ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ തീരത്ത് 14 സ്പേം തിമിംഗിലങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ടാസ്മാനിയയിലും തിമിംഗിലങ്ങളെ കണ്ടെത്തിയത്. മെല്‍ബണിനും ടസ്മാനിയയുടെ വടക്കന്‍ തീരത്തിനും ഇടയിലുള്ള കിങ് ഐലന്‍ഡില്‍ തിങ്കളാഴ്ചയാണ് തിമിംഗിലങ്ങളെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ വന്യജീവി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത് ആദ്യമായി അല്ല ഇത്ര അധികം തിമിംഗിലങ്ങള്‍ ഓസ്‌ട്രേലിയന്‍ തീരത്ത് അടിയുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം അതായത്, 2020 സെപ്റ്റംബര്‍ 21 ന് 470ലധികം പൈലറ്റ് തിമിംഗിലങ്ങള്‍ ഇത്തരത്തില്‍ തീരത്തടിഞ്ഞിരുന്നു. തുടര്‍ന്ന് ഒരാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 111 തിമിംഗിലങ്ങളെ ഉദ്യോഗസ്ഥര്‍ രക്ഷിച്ചിരുന്നു. പ്രദേശവാസികള്‍ ഉള്‍പ്പെടെ അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു.
മുമ്പ് സംഭവിച്ച അതേ സ്ഥലത്ത് വീണ്ടും തിമിംഗിലങ്ങള്‍ അടിഞ്ഞത് പാരിസ്ഥിതികമായ കാരണങ്ങള്‍ കൊണ്ടാകാം എന്ന് ശാസ്ത്രജ്ഞയായ വനേസ പിറോട്ട പറഞ്ഞു. തിമിംഗിലങ്ങള്‍ സംരക്ഷിത ഇനമാണെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.
ഇത്തരം തിമിംഗിലങ്ങള്‍ തീരത്ത് അടിയുന്നത് അസാധാരണമാണെന്ന് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി മറൈന്‍ ശാസ്ത്രജ്ഞന്‍ ഒലാഫ് മെയ്‌നെക്കെ പറഞ്ഞു. സമുദ്രത്തിലെ താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തിമിംഗലങ്ങളുടെ ഭക്ഷണ രീതികളെ മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ അവ നില്‍ക്കുന്ന ഇടത്തുനിന്നും മറ്റിടങ്ങളിലേക്ക് പോയി ഭക്ഷണം തിരയുകയും ചില സമയങ്ങളില്‍ ഇത് അവയെ കരയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് തിമിംഗിലങ്ങള്‍ കടല്‍ത്തീരത്ത് എത്തിയത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. തീരത്തോട് ചേര്‍ന്ന് ഭക്ഷണം ലഭിച്ചതിനാലാകാം അവ ഇവിടേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ ഊഹം. പൈലറ്റ് തിമിംഗിലങ്ങള്‍ ആറ് മീറ്ററില്‍ കൂടുതല്‍ (20 അടി) നീളത്തില്‍ വളരാന്‍ കഴിയുന്നവയാണ്. വളരെ സൗഹാര്‍ദ സ്വഭാവമുള്ളതിനാല്‍ അവ വേഗം അപകടത്തില്‍ പെടുകയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.