ഇറാനില്‍ ആളിക്കത്തി പ്രതിഷേധം; ഇന്റര്‍നെറ്റിന് വിലക്ക്, സ്ത്രീകള്‍ക്ക് പിന്തുണയുമായി ജോ ബൈഡന്‍

ഇറാനില്‍ ആളിക്കത്തി പ്രതിഷേധം; ഇന്റര്‍നെറ്റിന് വിലക്ക്, സ്ത്രീകള്‍ക്ക് പിന്തുണയുമായി ജോ ബൈഡന്‍

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മരിച്ച കുര്‍ദ് യുവതി മഹ്‌സ അമിനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഇറാനില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. ആറാം ദിവസവും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ നഗരത്തില്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. പ്രതിഷേധത്തിനിടെ പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഉര്‍മിയ, പിരാന്‍ഷഹര്‍, കെര്‍മാന്‍ഷാ എന്നീ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേര്‍ മരിച്ചു. ഇതിലൊരാള്‍ സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ കെര്‍മാന്‍ഷായില്‍ രണ്ട് സാധാരണക്കാരെയും ഷിറാസില്‍ ഒരു പൊലീസ് അസിസ്റ്റന്റിനെയും കൊലപ്പെടുത്തിയതായി പൊലീസും ആരോപണമുന്നയിച്ചു. പൊതു ഇടങ്ങളില്‍ ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് സ്ത്രീകള്‍ മുന്നില്‍ നിന്നു നയിക്കുന്ന പ്രതിഷേധം തുടരുന്നത്. പ്രതിഷേധത്തിന്റെ നൂറുകണക്കിന് വിഡിയോകള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.

രാജ്യത്തെ 'മതപൊലീസിനെതിരെ' വ്യാപിച്ച പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയന്‍ അധികൃതരും കുര്‍ദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. പൊലീസുകാരനും സൈനികനും മരിച്ചവരില്‍ ഉള്‍പ്പെടും.

അതേസമയം കുര്‍ദ് യുവതി മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് ജോ ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് യുഎന്‍ പൊതുസഭയില്‍ ബൈഡന്‍ പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മൂന്നു ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ ഏഴു പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഇറാനില്‍ പൊതുവായി അനുവദിച്ചിട്ടുള്ള ഇന്‍സ്റ്റഗ്രാമാണ് വിലക്കിയിരിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ചില മൊബൈല്‍ കണക്ഷനുകളും നിരോധിച്ചിട്ടുണ്ട്. 2019 നവംബറിലെ ലെ കലാപത്തിന് ശേഷം ഇറാനില്‍ സംഭവിക്കുന്ന ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനമാണ് ഇപ്പോഴത്തേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെക്സ്റ്റ് മാത്രമാണ് അയക്കാന്‍ കഴിയുന്നതെന്നും ചിത്രങ്ങള്‍ പങ്കുവെക്കാനാകുന്നില്ലെന്നും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നു.

പൊലീസ് വാഹനത്തില്‍ അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.