പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി: ആദ്യ മണിക്കൂറില്‍ തന്നെ വ്യാപക അക്രമം; നിരവധി വാഹനങ്ങള്‍ക്ക് കല്ലേറ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി: ആദ്യ മണിക്കൂറില്‍ തന്നെ വ്യാപക അക്രമം; നിരവധി വാഹനങ്ങള്‍ക്ക് കല്ലേറ്

തിരുവനന്തപുരം: നേതാക്കളെ എന്‍ഐഎ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിന് ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആലപ്പുഴ വളഞ്ഞവഴിയിലും കോഴിക്കോടും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ത്തു. കല്ലെറിഞ്ഞവര്‍ പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കടകള്‍ അടപ്പിക്കുന്നവര്‍ക്കും ഗതാഗത തടസം സൃഷ്ടിക്കുന്നവര്‍ക്കും എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി. റേഞ്ച് ഡിഐജിമാര്‍ക്കാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്ന്‌ സിഎംഡി പറഞ്ഞു. പിഎസ്‌സി പരീക്ഷയ്ക്ക് മാറ്റമില്ല. അവശ്യ സര്‍വീസുകള്‍ തടസമില്ലാതെ ഉണ്ടാകും. അതേസമയം മഹാത്മാഗാന്ധി, കേരള, കാലിക്കട്ട് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ജനറല്‍ നഴ്‌സിങ് പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രാറും അറിയിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ ശനിയാഴ്ചത്തേക്കു മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല.

പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മാത്രം 11 പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എട്ടോളം ദേശീയ നേതാക്കളെ ഇന്നലെ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയിരുന്നു. മുപ്പതിലേറെ പേര്‍ കസ്റ്റഡിയിലുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.