ന്യൂയോര്‍ക്ക്: തന്നെ അഭിമുഖം ചെയ്യാന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സി.എന്‍.എന്നിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ക്രിസ്റ്റ്യന്‍ അമന്‍പോരിനോടാണ് പ്രസിഡന്റ് സഹായി മുഖേന ഈ ആവശ്യമുന്നയിച്ചത്. നിബന്ധനയില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരുന്നതോടെ മാധ്യമപ്രവര്‍ത്തക അഭിമുഖം റദ്ദാക്കി.
നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന് യുവതി മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിനെ ക്രിസ്റ്റ്യന്‍ അമാന്‍പോര്‍ അഭിമുഖം നടത്താനെത്തിയത്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ പ്രസിഡന്റിന്റെ സഹായിയുടെ ഭാഗത്ത് നിന്നും ശിരോവസ്ത്രം ധരിക്കണമെന്ന നിര്‍ബന്ധം ഉണ്ടായി, എന്നാല്‍ ഇതിന് തയ്യാറല്ലാത്തതിനാല്‍ അഭിമുഖം റദ്ദാക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തക അറിയിച്ചു.
യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പി.ബി.എസില്‍ ഷോ നടത്തുന്ന ക്രിസ്റ്റ്യന്‍ അമാന്‍പോര്‍ സി.എന്‍.എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ അവതാരകയുമാണ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ബുധനാഴ്ചയായിരുന്നു അഭിമുഖം നടത്താനിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുമുള്ള ഒരു സഹായി തന്റെ മുടി മറയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു.
'പ്രസിഡന്റിന്റെ ആവശ്യം താന്‍ വിനയപൂര്‍വ്വം നിരസിച്ചു. ശിരോവസ്ത്രം ധരിക്കുന്നതിന് നിയമമോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോര്‍ക്കിലാണ് ഞാന്‍ താമസിക്കുന്നത്. മുന്‍ ഇറാനിയന്‍ പ്രസിഡന്റുമാരുമായി ഇറാന് പുറത്തുവച്ച് അഭിമുഖം നടത്തിയപ്പോള്‍ അവരാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നത് താന്‍ ചൂണ്ടിക്കാട്ടിയതായി ക്രിസ്റ്റ്യന്‍ അമാന്‍പോര്‍ ട്വിറ്ററില്‍ കുറിച്ചു.
'താന്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ അഭിമുഖം നടക്കില്ലെന്ന് സഹായി വ്യക്തമാക്കി. ഇത് 'ബഹുമാനത്തിന്റെ പ്രശ്നമാണെന്ന് അദ്ദേഹം വാദിച്ചു. ഇറാനിലെ പ്രത്യേക സാഹചര്യവും പരാമര്‍ശിച്ചാണ് ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് അഭിമുഖത്തില്‍ നിന്ന് ഒഴിവാകാന്‍ താന്‍ തീരുമാനിച്ചതായി ക്രിസ്റ്റ്യന്‍ അമാന്‍പോര്‍ പറഞ്ഞു. ബ്രിട്ടനില്‍ ജനിച്ച മാധ്യമപ്രവര്‍ത്തകയുടെ പിതാവ് ഇറാനിയന്‍ വംശജനാണ്.
'താന്‍ മാന്യമായി അവരുടെ വസ്ത്രം വേണ്ടെന്ന് പറഞ്ഞു. അപ്രതീക്ഷിതമായ ഈ അവസ്ഥയോട് യോജിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് റെയ്സി അഭിമുഖത്തിനായി ഇരിക്കാനിരുന്ന ഒഴിഞ്ഞ കസേരയുടെ മുന്നില്‍ ശിരോവസ്ത്രം ധരിക്കാതെ അമാന്‍പോര്‍ ഇരിക്കുന്ന ചിത്രവും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ അശാന്തി ഇറാനില്‍ ഒരാഴ്ച്ചയോളമായി തുടരുകയാണ്. സ്ത്രീകള്‍ ശിരോവസ്ത്രം കത്തിക്കുന്ന നിരവധി സംഭവങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുണ്ടായി.
ഇറാനിയന്‍ സുരക്ഷാ സേന പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ കുറഞ്ഞത് 31 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഓസ്ലോ ആസ്ഥാനമായുള്ള എന്‍ജിഒ അറിയിച്ചു. രണ്ടു സുരക്ഷാ സൈനികര്‍ അടക്കം പടിഞ്ഞാറന്‍ ഇറാനില്‍ മാത്രം 17 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുണ്ട്. 14 നഗരങ്ങളിലേക്കു പ്രക്ഷോഭം വ്യാപിച്ചു. ഒട്ടേറെപ്പേര്‍ അറസ്റ്റിലായി. സമീപവര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാണിത്.
സമൂഹമാധ്യമങ്ങള്‍ വഴി സര്‍ക്കാരിനെതിരായ രോഷം ശക്തമായതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം നിലവില്‍ വന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇറാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണു പ്രക്ഷോഭം ഏറ്റവും രൂക്ഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.