സിഡ്‌നി: ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ ടെലികോം ഭീമനായ ഒപ്റ്റസിനു നേരെ സൈബര്‍ ആക്രമണം. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ഉപയോക്താക്കളുടെ പേരുകള്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, വീട്ടു വിലാസം, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് നമ്പറുകള്‍, മറ്റ് തിരിച്ചറിയല്‍ രേഖകളുടെ നമ്പറുകള്‍ തുടങ്ങിയവ ചോര്‍ന്നതായി കമ്പനി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ ലംഘനങ്ങളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയും ഖേദവുമുണ്ടെന്ന് ഒപ്റ്റസ് ചീഫ് എക്സിക്യൂട്ടീവ് കെല്ലി ബയര്‍ റോസ്മറിന്‍ പറഞ്ഞു. സൈബര്‍ ആക്രമണം തിരിച്ചറിഞ്ഞയുടന്‍ ഒപ്റ്റസ് ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കമ്പനി അവകാശപ്പെട്ടു.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ മക്വാരി പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ഒപ്റ്റസ്. സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ കമ്പനി. ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 40 ശതമാനത്തിന് തുല്യമായ 9.8 ദശലക്ഷം അക്കൗണ്ടുകളാണ് ഉപയോക്താക്കളുടെ പേരില്‍ ഒപ്റ്റസിനുള്ളത്.
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് കമ്പനിയുടെ 10 ദശലക്ഷത്തോളം വരുന്ന ഉപയോക്താക്കളുമായി ബന്ധപ്പെടുമെന്ന് കെല്ലി ബയര്‍ അറിയിച്ചു.
കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ സൈബര്‍ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഹാക്കര്‍മാര്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പാസ്വേഡുകളോ ചോര്‍ത്തിയതായി സൂചനയില്ലെന്നും ബയര്‍ റോസ്മറിന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെയും സൈബര്‍ സുരക്ഷാ വിഭാഗങ്ങളുടെയും അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണം നടത്തിയവരുടെ ഐപി വിലാസം യൂറോപ്പിലെ ചില രാജ്യങ്ങളിലേക്കാണു ചെന്നെത്തുന്നതെന്ന് കെല്ലി ബയര്‍ പറഞ്ഞു. ആക്രമണം എങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ വിസമ്മതിച്ചു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ലഭിക്കാതിരിക്കാനും അപകടസാധ്യത ലഘൂകരിക്കുന്നതിനുമായി ഓസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഒപ്റ്റസ് വ്യക്തമാക്കി.
സൈബര്‍ ആക്രമണം മൂലം ഇതുവരെ ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായതായി അറിയില്ലെന്ന് വ്യക്തമാക്കിയ ഒപ്റ്റസ് ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കളോടു നിര്‍ദേശിച്ചു.
അസാധാരണമോ സംശയാസ്പദമായി തോന്നുന്നതോ ആയ പ്രവര്‍ത്തനങ്ങളെയും അറിയിപ്പുകളെയും ജാഗ്രതയോടെ കാണണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
'തങ്ങള്‍ വളരെയധികം നിരാശരാണ്, കാരണം സൈബര്‍ ആക്രമണം തടയാന്‍ കമ്പനി വളരെയധികം സമയം ചെലവഴിക്കുകയും വലിയ തുക നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ ടീമുകള്‍ മുമ്പ് നിരവധി ആക്രമണങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഹാക്കര്‍മാര്‍ വിജയിച്ചു' - കെല്ലി ബയര്‍ കൂട്ടിച്ചേര്‍ത്തു.
ഒപ്റ്റസിന് നേരെയുണ്ടായ ആക്രമണത്തെ പറ്റി ഓസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ പരിശോധിക്കുന്നുണ്ടെന്നും ആവശ്യമായ ഉപദേശവും സാങ്കേതിക സഹായവും നല്‍കുന്നുണ്ടെന്നും സൈബര്‍ സുരക്ഷാ മന്ത്രി ക്ലെയര്‍ ഒ നീല്‍ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.