കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യവുമായി ഗെലോട്ടിനെ ഇറക്കി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യവുമായി ഗെലോട്ടിനെ ഇറക്കി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് പതിറ്റാണ്ടിനു ശേഷം ഒരു തിരഞ്ഞെടുപ്പ് നടക്കുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ സീതാറാം കേസരിക്കു ശേഷം ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തിരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കി. സമ്മതിദായകരുടെ ലിസ്റ്റും അവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും തയാറാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പു പ്രക്രിയകള്‍ സുതാര്യമായിരിക്കുമെന്നും താല്‍പര്യമുള്ളവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും മിസ്ത്രി വ്യക്തമാക്കി.

ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെങ്കിലും ഒക്ടോബര്‍ 17 ന് രഹസ്യ ബാലറ്റിലൂടെ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര് 19ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ് ആരാണെന്നുള്ള ഫല പ്രഖ്യാപനവും ഉണ്ടാകും.

വിവിധ സംസ്ഥാന ഘടകങ്ങള്‍ പ്രമേയം പാസാക്കിയിട്ടും അശോക് ഗെലോട്ടിനെപ്പോലെയുള്ള പല നേതാക്കന്മാരും ആവശ്യപ്പെട്ടിട്ടും
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചു.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവരുടെയും ജി 23 തിരുത്തല്‍ വാദി സംഘത്തില്‍ നിന്ന് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെയും പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കസേര ഉപേക്ഷിക്കേണ്ടി വരും എന്ന ചിന്ത വല്ലാതെ അസ്വസ്ഥനാക്കുന്നു എങ്കിലും ഗാന്ധി കുടുംബത്തോട് വിധേയത്വമുള്ള അശോക് ഗെലോട്ട് മത്സരിക്കാനും തിരഞ്ഞെടുക്കപ്പെടാനുമുള്ള സാധ്യത ഏറെയാണ്.

അശോക് ഗെലോട്ടിനെ മത്സരിപ്പിക്കുന്നതിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന തന്ത്രമാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പയറ്റുന്നത്. ഒന്നാമതതായി ഗാന്ധി കുടുംബത്തോട് വിശ്വസ്തതയുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കുക. അതോടൊപ്പം പ്രിയങ്കയുടെയും രാഹുലിന്റെയും ഉറ്റ മിത്രം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കുക.

സച്ചിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് തടയിട്ടിരുന്ന അശോക് ഗെലോട്ടിനെ രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാതെ സച്ചിന്‍ പൈലറ്റിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല എന്ന കാര്യം ഹൈക്കമാന്‍ഡിനറിയാം. ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അശോക് ഗെലോട്ട് പാര്‍ട്ടി പ്രസിഡന്റും സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ആകും.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വസുന്ദര രാജയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ശക്തമായ ചക്രവ്യൂഹം തകര്‍ത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ രാജസ്ഥാനില്‍ അധികാരത്തിലെത്തിക്കാന്‍ അന്നത്തെ പിസിസി അധ്യക്ഷനായിരുന്ന സച്ചിന്‍ പൈലറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്. അന്ന് അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും എന്ന് ജനങ്ങള്‍ പൊതുവെ വിശ്വസിച്ചിരുന്നെങ്കിലും അശോക് ഗെലോട്ടിനെ തന്നെ മൂന്നാം തവണയും മുഖ്യമന്ത്രിയാക്കി ഹൈക്കമാന്‍ഡ് സച്ചിന്‍ ആരാധകരെ നിരാശരാക്കി.

അതിന് ശേഷം ഓപ്പറേഷന്‍ താമരയുടെ ഭാഗമായി പല തവണ സച്ചിനു ചുറ്റും ബിജെപി വട്ടമിട്ടു പറന്നെങ്കിലും രാജീവ് ഗാന്ധിയുടെ ബാല്യകാല സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ് ആ കെണികളിലൊന്നും വീണില്ല.

ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത വിധേയര്‍ പലരും മറുകണ്ടം ചാടിയപ്പോഴും പ്രിയങ്കയുടെയും രാഹുലിന്റെയും വാക്കുകള്‍ കേട്ട് പാര്‍ട്ടിയില്‍ ഉറച്ചു നിന്ന സച്ചിന്‍ പൈലറ്റിന് ഉചിതമായ സ്ഥാനമാനങ്ങള്‍ നല്‍കുക എന്നുള്ളത് ഇപ്പോള്‍ പാര്‍ട്ടിയുടെ ആവശ്യം കൂടിയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയിച്ചാലും പരാജയപ്പെട്ടാലും മുതിര്‍ന്ന നേതാവ് ശശി തരൂരിന് ഏതെങ്കിലും സുപ്രധാന പദവി നല്‍കും എന്ന് കരുതപ്പെടുന്നു. ശശി തരൂരിനെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതി അംഗമാക്കാനാണ് തീരുമാനം. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചയിലാണ് തരൂരിന് സോണിയ ഗാന്ധി പിന്തുണ നല്‍കിയത്. സോണിയ ഗാന്ധി ആവശ്യപ്പെട്ടാല്‍ മത്സര രംഗത്തു നിന്നും പിന്മാറാന്‍ തയാറാണെന്ന് തരൂര്‍ സോണിയയെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അശോക് ഗെലോട്ട് പാര്‍ട്ടി പ്രസിഡന്റായാല്‍ തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കി തരൂരിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാനുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്.

പാര്‍ട്ടിയിലെ വിമത സഖ്യമായ ജി 23യുടെ ഭാഗമാണെങ്കിലും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ശശി തരൂര്‍. ഗാന്ധി കുടുംബം അദ്ദേഹത്തിന്റെ കഴിവുകളെ വില മതിക്കുന്നുമുണ്ട്. തരൂര്‍ കോണ്‍ഗ്രസ് വിട്ടാലുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചും നേതൃത്വത്തിന് കൃത്യമായ ധാരണ ഉണ്ടെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.