സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. രക്ഷപ്പെടുത്തിയ നാലു കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ തുല്ലമോര്‍ എന്ന സ്ഥലത്തിനടുത്തുള്ള മക്ഗ്രേന്‍ വേയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇവരുടെ കാര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് വയസുകാരനെ കാണാതായി. അതേസമയം, മാതാപിതാക്കെളയും രണ്ട് സഹോദരങ്ങളെയും മരത്തില്‍ ചുറ്റിപ്പിടിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ഇവരെ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് (എസ്.ഇ.എസ്.) രക്ഷപ്പെടുത്തി.
മാതാപിതാക്കെളയും സഹോദരങ്ങളെയും ആംബുലന്‍സില്‍ ദബ്ബോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അമ്മയുടെ നില ഗുരുതരമാണെങ്കിലും ആശങ്കപ്പെടാനില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു.
മാതാപിതാക്കളുടെയും രണ്ടു കുഞ്ഞുങ്ങളുടെയും രക്ഷപ്പെടല്‍ അത്ഭുതകരമായിരുന്നുവെന്ന്
പ്രദേശവാസിയായ ഫിയോണ എ.ബി.സി. ന്യൂസിനോടു പറഞ്ഞു.
'റോഡില്‍ ഏകദേശം ഒന്നര മീറ്ററോളം വെള്ളം ഉയര്‍ന്നിരുന്നു. അമ്മയും അച്ഛനും രണ്ട് കൊച്ചുകുട്ടികളും തോടിനു സമീപമുള്ള മരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. ഒരു വാഹനം എതിരെ വന്നതാണ് ഇവര്‍ക്കു രക്ഷയായത്. അല്ലെങ്കില്‍ വിധി മറ്റൊന്നായേനെ. രാത്രി മുഴുവന്‍ ആ മരത്തില്‍ കുട്ടികള്‍ക്ക് ചുറ്റിപ്പിടിച്ചിരിക്കാന്‍ കഴിയുമായിരുന്നില്ല'- ഫിയോണ പറഞ്ഞു.
സംസ്ഥാനത്തുടനീളം വളരെ ഈര്‍പ്പമുള്ള കാലാവസ്ഥയാണിപ്പോഴെന്ന് എസ്.ഇ.എസ്. അസിസ്റ്റന്റ് കമ്മിഷണര്‍ സീന്‍ കെയര്‍ന്‍സ് പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സിലെ പടിഞ്ഞാറന്‍ മേഖലയില്‍ മിക്ക നദികളിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളപ്പൊക്കത്തിന്റെ തോതും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തൊട്ടാകെ 19 ഇടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. കഴിഞ്ഞ രാത്രി മാത്രം സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അഞ്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
എസ്.ഇ.എസ്. വോളന്റിയര്‍മാര്‍ ഈ മേഖലകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നു രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍, സംസ്ഥാനത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗത്തുള്ള ഗുന്നേഡ എന്ന പ്രദേശത്തെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.