കാർഷിക വിലയിടിവിൽ സർക്കാർ നിലപാട് പ്രതിഷേധാർഹം : കത്തോലിക്കാ കോൺഗ്രസ്

കാർഷിക വിലയിടിവിൽ സർക്കാർ നിലപാട് പ്രതിഷേധാർഹം : കത്തോലിക്കാ കോൺഗ്രസ്

കൊച്ചി : റബ്ബർ,നാളികേരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന നാണ്യ വിളകൾ രൂക്ഷമായ വിലയിടിവ് നേരിടുമ്പോഴും നടപടി എടുക്കാതെ സംസ്ഥാന സർക്കാർ കർഷകരോട് നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.

റബ്ബർ വിലയിടിവ് റബ്ബർ കർഷകരെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് . ആഗസ്റ്റ് മാസത്തിൽ 178 രൂപ ഉണ്ടായിരുന്ന റബ്ബർ ഷീറ്റിനു ഇപ്പോൾ 145 രൂപ മാത്രമാണുള്ളത് . ലാറ്റെക്സിന് 175 ൽ നിന്ന് 110 ലേക്ക് വില കൂപ്പു കുത്തിയിരിക്കുകയാണ് .
അമിതമായ ഇറക്കുമതിയും , നികുതി കുറച്ചുള്ള റബ്ബർ കോമ്പൗണ്ടിന്റെ ഇറക്കുമതിയും മൂലമാണ് റബ്ബർ വിലയിടിവ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത് . സംസ്ഥാന സർക്കാർ റബ്ബർ വില സ്ഥിരത പദ്ധതി ഉടൻ പുനരാരംഭിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

നാളികേര കർഷകരും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് . നാളികേരത്തിന് 32 രൂപ വിലയിട്ട് കർഷകരിൽ നിന്ന് പച്ച തേങ്ങ സംഭരിക്കുവാൻ സർക്കാർ ഇട്ട പദ്ധതി ഫലപ്രദമായില്ല . ഇപ്പോൾ കിലോക്ക് 24 രൂപ മാത്രമാണുള്ളത് . കൃഷി ചിലവ് കൂടിയിട്ടും തേങ്ങാ വില കുറയുന്നു എന്നുള്ളത് കേരകർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് . കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് വില ലഭ്യതയിൽ സർക്കാർ അടിയന്തിരമായി ഇടപെടണം.മറ്റ് കാർഷിക ഉത്പന്നങ്ങളും രൂക്ഷമായ വിലയിടിവ് നേരിടുകയാണ്.

വന്യജീവി ആക്രമണത്തിനെതിരെ ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കുവാൻ ഇതുവരെ സർക്കാർ തയ്യാറാകാത്തത് സംശയാസ്പദമാണ് . കർഷകരുടെ ജീവന് വിലയില്ലാത്ത സമീപനം സർക്കാരിൽ നിന്നുണ്ടാകുന്നത് തികഞ്ഞ കർഷക ദ്രോഹമാണ്.
ജനകീയ പ്രശ്നങ്ങളിൽ സർക്കാർ അനങ്ങാപ്പാറ നയം മാറണം.റോഡിലെ കുഴികൾ അടക്കുന്നതിൽ ഹൈക്കോടതി നിരന്തരമായി നിർദ്ദേശങ്ങൾ നൽകിയിട്ടും സർക്കാർ വേണ്ട നടപടികൾ എടുക്കുന്നില്ല . തെരുവ് നായ ആക്രമണങ്ങൾ രൂക്ഷമായിട്ടും പേവിഷ ബാധയേറ്റു ആളുകൾ മരിച്ചു വീണിട്ടും നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് . ജനകീയ,കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം സർക്കാരും ഗവർണറും തമ്മിൽ പോരടിക്കുന്നതിൽ ഹരം കൊള്ളുന്നത് കേരളം സമൂഹത്തിനു ഭൂഷണമല്ല . ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണാധികാരികൾ ഒറ്റക്കെട്ടായി നിൽക്കണം.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന്‌ കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു .

കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബിഷപ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ്‌ ജോസഫ്, ഭാരവാഹികളായ ഡോ ജോബി കാക്കശ്ശേരി, ഡോ ജോസ്കുട്ടി ഒഴുകയിൽ,തോമസ് പീടികയിൽ,രാജേഷ് ജോൺ,ടെസ്സി ബിജു,ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, വർഗീസ് ആന്റണി, ചാർളി മാത്യു, അഡ്വ ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.