രാജസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍: രാജിക്കൊരുങ്ങി ഗെലോട്ട് പക്ഷ എംഎല്‍എമാര്‍

രാജസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍: രാജിക്കൊരുങ്ങി ഗെലോട്ട് പക്ഷ എംഎല്‍എമാര്‍

ജയ്പുര്‍: സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തില്‍ പ്രതിഷേധിച്ച് അശോക് ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നു. 80 എംഎല്‍എമാരാണ് രാജി ഭീഷണി മുഴക്കിയിരിക്കുന്നത്. ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും എത്താതിരുന്നതിനാല്‍ യോഗം കൂടിയില്ല.

നിയമസഭാ കക്ഷി യോഗത്തിന് സച്ചിന്‍ പൈലറ്റും അനുകൂലികളും ഗെലോട്ടിന്റെ വീട്ടിലെത്തിയപ്പോള്‍ ഗെലോട്ടിന്റെ അനുയായികള്‍ ശാന്തി ധരിവാളിന്റെ വീട്ടില്‍ സംഗമിച്ചു. ഇവര്‍ അല്‍പസമയത്തിനകം സ്പീക്കര്‍ സി.പി. ജോഷിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീടിന് മുന്നില്‍ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എംഎല്‍എമാരെ കൊണ്ടുപോകുന്നതിനാണെന്നാണ് സൂചന.

അശോക് ഗെലോട്ട് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരന്‍ ആക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗെലോട്ട് അനുകൂലികള്‍.

2020ല്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ 18 വിശ്വസ്തരും ചേര്‍ന്ന് വിമതനീക്കം നടത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച 102 എംഎല്‍എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ ഏകകണ്ഠമായി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ ക്യാംപിന്റെ ആവശ്യം. എന്നാല്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെലോട്ട് ഉന്നയിച്ചു. അതേസമയം, 2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.