നിലമ്പൂര്‍: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ (87) കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ നടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.40നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നിലപാടില്‍ കര്‍ക്കശവും ഉയര്‍ന്ന മതേതര കാഴ്ച്ചപ്പാടുമുള്ള ആളായിരുന്നു ആര്യാടന്‍. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വീട്ടിലെത്തിയും സമൂഹമാധ്യമങ്ങളിലൂടെയും അന്ത്യോപചാരമര്‍പ്പിച്ചു.
ഏഴ് പതിറ്റാണ്ട് കാലത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ നാല് തവണ മന്ത്രിയും എട്ട് തവണയായി 34 വര്‍ഷം നിലമ്പൂരിലെ എംഎല്‍എയുമായിരുന്ന അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളോടെയാകും രാഷ്ട്രീയ കേരളം അന്ത്യയാത്ര നല്‍കുക. തൃശൂരില്‍ ഭാരത് ജോഡോ യാത്രയിലായിരുന്ന രാഹുല്‍ഗാന്ധി വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍. ഷംസീറും അനുശോചന കുറിപ്പിറക്കി.
പതിനൊന്ന് തവണ നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. 1995 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍-ടൂറിസം മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005, 2011 വര്‍ഷങ്ങളിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത്.
ഭാര്യ: മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ഖദീജ, ഡോ.റിയാസ് അലി (പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ്). മരുമക്കള്‍: ഡോ.ഹാഷിം ജാവേദ്, മുംതാസ്, ഡോ.ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ന്യൂറോ വിഭാഗം മേധാവി), സിമി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.