പോപ്പുലര്‍ ഫ്രണ്ടിന് അല്‍ ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകളുമായി എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ടിന് ഭീകര സംഘടനയായ അല്‍ ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍ഐഎ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

തുര്‍ക്കിയിലെ സഹ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകര സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുറഹ്മാന്‍, പ്രൊഫസര്‍ പി.കോയ എന്നിവര്‍ അല്‍ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചര്‍ച്ച നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

അതിനിടെ തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. റെയ്ഡിനിടയില്‍ ഒളിവില്‍ പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

അതേസമയം കേരളത്തില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നല്‍കിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തും. ഹര്‍ത്താലിനിടെ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പൊലീസ് ഇന്നലെ അര്‍ധരാത്രിയോടെ അറസ്റ്റു ചെയ്തു. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്.

തമിഴ്നാട്ടിലേക്ക് പോയ ഇയാള്‍ ഏര്‍വാടി, ചെന്നൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇന്നലെ വീട്ടിലേക്ക് എത്തിയപ്പോള്‍ അടുത്തുള്ള ഇരവിപുരം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.