വലതേക്ക് വീശി ഇറ്റാലിയന്‍ കാറ്റ്: ആദ്യ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങി ജോര്‍ജിയ മെലോനി; കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുമെന്ന് ആശങ്ക

വലതേക്ക് വീശി ഇറ്റാലിയന്‍ കാറ്റ്: ആദ്യ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങി ജോര്‍ജിയ മെലോനി; കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുമെന്ന് ആശങ്ക

'എല്‍ജിബിടിക്കൊപ്പമല്ല, യഥാര്‍ത്ഥ കുടുംബങ്ങള്‍ക്കൊപ്പമാണ്. ഇസ്ലാമിക ഭീകരര്‍ക്കൊപ്പമല്ല, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പമാണ്'- ജോര്‍ജിയ മെലോനി.

റോം: തീവ്ര വലതുപക്ഷ നിലപാടുകാരിയായ ജോര്‍ജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ ഇടതു കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചതോടെ കടുത്ത വലതുപക്ഷ നിലപാടുള്ള ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

അന്തിമ ഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്‌സ് ഒഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെയുണ്ടാകും. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുക. മെലോനി അധികാരത്തിലെത്തുന്നതോടെ യൂറോപ്പിലെ 45 രാജ്യങ്ങളില്‍ പതിനഞ്ചിന്റെയും ഭരണം നിയന്ത്രിക്കുന്നത് വനിതകളാവും.

2018 ല്‍ കേവലം നാല് ശതമാനം വോട്ട് മാത്രമാണ് മെലോനിയുടെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ എണ്ണുന്ന വോട്ടുകളുടെ പ്രൊജക്ഷന്‍ വച്ചിട്ടാണ് ഇറ്റലിയിലെ എക്സിറ്റ് പോളുകള്‍ തയ്യാറാക്കുന്നത്. അതുകൊണ്ട് എക്സിറ്റ് പോളുകളില്‍ ഇതുവരെ പിഴവ് സംഭവിച്ചിട്ടില്ല.

ഇതാണ് മൊലോനിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുന്നതിനുള്ള പ്രധാന കാരണവും. നാല് ശതമാനത്തില്‍ നിന്ന് 26 ശതമാനം വോട്ടിലേക്ക് മെലോനിയുടെ പാര്‍ട്ടി എത്തുമ്പോള്‍ അത് അവര്‍ മുന്നോട്ടു വച്ച പ്രത്യയശാസ്ത്രത്തിന്റെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടര്‍മാരോട് പറഞ്ഞിരുന്നു.

'എല്‍ജിബിടിക്കൊപ്പമല്ല, യഥാര്‍ത്ഥ കുടുംബങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍. ആണും പെണ്ണും എന്ന യാഥാര്‍ത്ഥ്യത്തിനൊപ്പമാണ്. ലൈംഗീക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരര്‍ക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പമാണ്. കുടിയേറ്റക്കാര്‍ക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാര്‍ക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകള്‍ക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്ക്കൊപ്പമാണ്'- ഇതായിരുന്നു മെലോനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

കുടിയേറ്റ നയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രഖ്യാപനം പല വിദേശ രാജ്യങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തങ്ങള്‍ കുടിയേറ്റക്കാര്‍ക്കൊപ്പമല്ലെന്നും തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് അവരുടെ നിലപാട്.

യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അങ്ങനെയുള്ള ഒരു രാജ്യം തീവ്ര ദേശീയ വാദത്തിലേക്ക് മാറി യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഈ ഭരണമാറ്റം കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി.

മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെയും ഉപ പ്രധാനമന്ത്രിയും ഇറ്റലിയുടെ ട്രംപ് എന്ന് അറിയപ്പെട്ടിരുന്ന മത്തിയോ സല്‍വീനിയുടെയും പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണ് ഭരണത്തിലെത്തുന്ന സഖ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.