ഒടുവില്‍ ഖേദം: സമാന്തരയോഗം അച്ചടക്കലംഘനമെന്ന് സമ്മതിച്ച് ഗെലോട്ട്; മുഖവിലയ്‌ക്കെടുക്കാതെ ഹൈക്കമാന്‍ഡ്

ഒടുവില്‍ ഖേദം: സമാന്തരയോഗം അച്ചടക്കലംഘനമെന്ന് സമ്മതിച്ച് ഗെലോട്ട്; മുഖവിലയ്‌ക്കെടുക്കാതെ ഹൈക്കമാന്‍ഡ്

ന്യൂഡെല്‍ഹി: വിമത ശബ്ദമുയര്‍ത്തിയ അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡും തഴഞ്ഞതോടെ നിലപാടില്‍ 'യു ടേണ്‍' അടിച്ച് ഗെലോട്ട്. കാര്യങ്ങള്‍ തന്റെ കൈയ്യില്‍ നിന്ന് വിട്ടു പോയെന്നും എംഎല്‍എമാര്‍ സമാന്തര യോഗം ചേര്‍ന്നത്

അച്ചടക്കലംഘനമാണെന്നും ഗെലോട്ട് സമ്മതിച്ചു. പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാകും വിധം കാര്യങ്ങള്‍ വഷളായതില്‍ ഖേദമുണ്ടെന്നും ഗെലോട്ട് പ്രതികരിച്ചു.

എഐസിസി നിരീക്ഷകനായെത്തിയ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ജയ്പുരില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അശോക് ഗെലോട്ട് എംഎല്‍എമാരുടെ നീക്കത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഒന്നും തന്റെ കയ്യിലല്ലെന്നു വ്യക്തമാക്കുകയും ചെയ്തത്.

എന്നാല്‍ ഗെലോട്ടിന്റെ ഖേദപ്രകടനത്തെ ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഗെലോട്ടിന്റെ അറിവില്ലാതെ എംഎല്‍എമാര്‍ വിമത സ്വരം ഉയര്‍ത്തില്ലെന്ന വിശ്വാസത്തിലാണ് നേതാക്കള്‍. ഗെലോട്ടിന്റെ അറിവോടെയല്ലാതെ ഇതു നടക്കില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും തുറന്നടിച്ചു.

എംഎല്‍എമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമാണെന്ന് മറ്റൊരു എഐസിസി നിരീക്ഷകനായ അജയ് മാക്കനും പറഞ്ഞു. ജയ്പുരില്‍ നടന്നത് കോണ്‍ഗ്രസില്‍ ഇതുവരെ കാണാത്ത നടപടികളാണ്. സംസ്ഥാനത്തെ സ്ഥിതി സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും അജയ് മാക്കന്‍ പറഞ്ഞു.

സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ഇരു നേതാക്കളും സോണിയ ഗാന്ധിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തിന്റെ നീക്കത്തിലെ അതൃപ്തി അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

രാജസ്ഥാനില്‍ എംഎല്‍എമാര്‍ നടത്തിയ നാടകീയ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡും കടുത്ത അത്യപ്തിയിലാണ്. നടപടിയില്‍ അശോക് ഗെലോട്ട് ഖേദം പ്രകടിപ്പിച്ചെങ്കിലും നിര്‍ണായക സമയത്ത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്ന വിലയിരുത്തലിലാണ് ഗാന്ധി കുടുംബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.