പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളെ വിറപ്പിച്ച് വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളെ വിറപ്പിച്ച് വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ട് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം 176 പേരെ കസ്റ്റഡിയിലെടുത്തു.

കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, അസം, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചത്തെ റെയ്ഡിനെ തുടര്‍ന്ന് ഉയര്‍ന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് രണ്ടാംഘട്ട റെയ്ഡ് നടത്തിയത്.

എന്‍ഐഎയ്‌ക്കൊപ്പം പലയിടത്തും സംസ്ഥാന പോലീസും റെയ്ഡിന്റെ ഭാഗമായി. ഇനിയും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കര്‍ണാടകയില്‍ നിന്നുമാത്രം 45 പേരെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. മൊബൈല്‍, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ നിര്‍ണായകമായ നിരവധി തെളിവുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഡല്‍ഹി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കിയിരുന്നു. ഇതിനുള്ളില്‍ പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ ലക്ഷ്യം.

ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍.

അതിനിടെ പിഎഫ്‌ഐ ഹര്‍ത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാസറുള്ള, ഷമീര്‍ സലീം, ഷാനുല്‍ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.കോട്ടമുറിയില്‍ ബേക്കറിയും തെള്ളകത്ത് കെഎസ്ആര്‍ടിസി ബസും തകര്‍ത്ത കേസിലാണ് അറസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.