കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും കര്‍ശനമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. കരുതല്‍ തടങ്കലും തുടരും. സ്ഥിതിഗതികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പിഎഫ്‌ഐ അടക്കം നിരോധിച്ച മുഴുവന്‍ സംഘടനകളുടേയും ഓഫീസുകള്‍ പൂട്ടി സീല്‍ വെക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാകും പൊലീസ് നടപടി. ഓഫീസുകളുടെ മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഏറെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ ഇന്ന് കേന്ദ്ര സേനയെത്തി. ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സിആര്‍പിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ചില ഓഫീസുകളും സുരക്ഷാ വലയത്തിലാണ്.
പോപ്പുലര്‍ ഫ്രണ്ട് ശക്തമായ കേരളത്തില്‍ അതീവ ജാഗ്രതയോടെയാണ് തുടര്‍ നടപടികള്‍. എന്‍ഐഎ റെയ്ഡിനു ശേഷം പുറത്തു വന്നു കൊണ്ടിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരോധനത്തിലേക്കാണ് കാര്യങ്ങള്‍ പൊകുന്നതെന്ന സൂചന സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ഉണ്ടായിരുന്നു.
നിരോധനത്തിനു ശേഷം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കരുതല്‍ അറസ്റ്റും റെയ്ഡുമെല്ലാം ഇന്നലെ ഉച്ച മുതല്‍ പൊലീസ് ശക്തമാക്കിയിരുന്നു. പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ ഇതുവരെ 1800 ലേറെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 800 ലേറെ പേര്‍ കരുതല്‍ തടങ്കലിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.