കീവ്: റഷ്യയോടു ചേര്‍ക്കാനായി ഉക്രെയ്‌നിലെ ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സണ്‍, സെപൊറീഷ്യ പ്രവിശ്യകളില്‍ നടത്തിയ ഹിതപരിശോധന വിജയിച്ചെന്ന് റഷ്യന്‍ അനുകൂല വിമതര്‍. ഈ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമായെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നാളെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ 'ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, സെപൊറീഷ്യ, ഖേഴ്‌സണ്‍' എന്നിങ്ങനെയെഴുതിയ കൂറ്റന്‍ സ്‌ക്രീനുകളോടെയുള്ള വേദി ഒരുങ്ങിക്കഴിഞ്ഞു. ഈ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തെന്ന പുടിന്റെ പ്രഖ്യാപനം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നാണ് ഇതിന്റെ അര്‍ത്ഥം.
ഇക്കഴിഞ്ഞ 23-നാരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. ഈ നാല് മേഖലകളും മാസങ്ങളായി റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണ്. ഇതോടെ ഉക്രെയ്‌ന്റെ 15 ശതമാനം ഭാഗം റഷ്യയുടെ കൈയിലാകും. പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഈ മേഖലകളില്‍ ഉക്രെയിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലെ പ്രകോപനമുണ്ടായാല്‍ ആണവായുധമെടുക്കാനും മടിയില്ലെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
സെപൊറീഷ്യയില്‍ 93.11 ശതമാനം ജനങ്ങള്‍ ഹിതപരിശോധനയില്‍ റഷ്യയോട് ചേരുന്നതിനെ അനുകൂലിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ അവകാശവാദം. ഖേഴ്‌സണില്‍ 87.05 ശതമാനം, ലുഹാന്‍സ്‌കില്‍ 98.42 ശതമാനം, ഡൊണെസ്‌കില്‍ 99.23 ശതമാനം വീതം ജനങ്ങള്‍ റഷ്യയോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ അനുകൂലമായി വോട്ട് ചെയ്‌തെന്നും ഇവര്‍ പറയുന്നു. പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ക്കണമെന്ന് ഇവിടുത്തെ വിമത നേതാക്കള്‍ പുടിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവര്‍ റഷ്യയിലെത്തി നേരിട്ട് പുടിനെ കാണും. 2014-ല്‍ ക്രൈമിയയെ ഉക്രെയിനില്‍ നിന്ന് റഷ്യ പിടിച്ചെടുത്തതും ഇതുപോലെയായിരുന്നു.
അതേസമയം, ഹിതപരിശോധനാ ഫലം അംഗീകരിക്കില്ലെന്നും റഷ്യയുടെ നാടകമാണിതെന്നും ഉക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും ആരോപിച്ചു. റഷ്യയ്ക്ക് മേല്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.