ന്യൂഡല്‍ഹി: അവസാന നിമിഷത്തെ ചിത്രം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യതയേറി. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ജി 23 സംഘത്തില്‍ നിന്ന് അവസാന നിമിഷം ആരും പത്രിക നല്‍കിയില്ലെങ്കില്‍ ഖാര്‍ഗെ-തരൂര്‍ നേര്‍ക്കുനേര്‍ മത്സരം നടക്കും.
പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് തരൂരിനെതിരെയുള്ള സ്ഥാനാര്‍ഥിത്വത്തില്‍ വീണ്ടും ട്വിസ്റ്റുണ്ടായത്. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടര്‍ന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗെലോട്ട് പിന്‍വാങ്ങിയപ്പോള്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. അദ്ദേഹം നാമനിര്‍ദേശ പത്രിക കൈപ്പറ്റുകയും ചെയ്തിരുന്നു. അവസാന നിമിഷമാണ് അതില്‍ വീണ്ടും മാറ്റമുണ്ടായത്.
ഇന്ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ശശി തരൂര്‍ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയും പിന്തുണ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വിജയ സാധ്യതയിലുള്ള ആശങ്കയാണോ ദിഗ് വിജയ് സിങ് മാറാനുള്ള കാരണമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഉദയ്പുര്‍ ചിന്തന്‍ ശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഖാര്‍ഗെ മത്സരിക്കുമ്പോള്‍ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോള്‍ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് പുതിയ ആളെ കണ്ടത്തേണ്ടി വരും
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസവും ഹൈക്കമാന്‍ഡ് പിന്തുണയുമാണ് ഖാര്‍ഗെയുടെ അനുകൂല ഘടകങ്ങള്‍. തരൂരിനെ സംബന്ധിച്ച് ജി 23 ന്റെ പ്രതിനിധിയല്ലെങ്കിലും അവര്‍ ആരെയും നിര്‍ത്തിയില്ലെങ്കില്‍ ആ പക്ഷത്തിന്റെ വോട്ട് ലഭിച്ചേക്കാം.
കേരളത്തിലും അപ്രതീക്ഷിതമായി തരൂരിന് പിന്തുണ കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്. കേരളത്തിന് പുറത്ത് ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം. മോഡി എന്ന നേതാവ് ബിജെപിയെ നയിക്കുമ്പോള്‍ ഖാര്‍ഗെയെ പോലൊരു മിതവാദി മതിയോ എന്ന ചിന്തയും ചിലരെങ്കിലും പങ്കുവെക്കുന്നുണ്ട്
ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ ഒപ്പു വെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്.
ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്.
ജി 23 പരിഷ്‌കരണവാദികളില്‍പ്പെട്ടയാളാണ് ശശി തരൂരെങ്കിലും ജി 23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ആ ലേബലിലല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിനിടെ ജി 23 നേതാക്കളായ ആനന്ദ് ശര്‍മ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാന്‍, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേരുകയും മികച്ച സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.