കുട്ടനാടിന്റെ ഓളപ്പരിപ്പിലൂടെ യാത്ര ഹൃദ്യമാക്കാൻ സീ കുട്ടനാട് ബോട്ട് സർവിസ്

കുട്ടനാടിന്റെ ഓളപ്പരിപ്പിലൂടെ യാത്ര ഹൃദ്യമാക്കാൻ സീ കുട്ടനാട് ബോട്ട് സർവിസ്

ആലപ്പുഴ: കായലിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് കൂടുതൽ ഹൃദ്യമാക്കാൻ ആലപ്പുഴ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് നാളെ സർവീസ്‌ ആരംഭിക്കും. ജല ഗതാഗതമന്ത്രി ആന്റണി രാജു 17 ന്‌ ഉദ്‌ഘാടനം ചെയ്‌ത ബോട്ടിന്‍റെ ആദ്യട്രിപ്പ്‌ ആലപ്പുഴ ബസ്‌സ്‌റ്റാന്‍റ് ജെട്ടിയിൽ നിന്ന്‌ രാവിലെ 10 ന് ആരംഭിക്കും.

1.90 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി ഐആർഎസ് ക്ലാസിൽ നിർമിച്ച ബോട്ടിൽ ഒരേ സമയം 90 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. മൂന്ന് മണിക്കൂറാണ്‌ സഞ്ചാരം. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക്‌ കായൽക്കാഴ്‌ചകൾ കാണാൻ അവസരമൊരുക്കുകയാണ്‌ സീ കുട്ടനാടിന്റെ ലക്ഷ്യം. 

വേഗ 2 വേമ്പനാട്ട് കായലിലൂടെയുള്ള യാത്രയാണെങ്കിൽ ഇതിൽ കുട്ടനാടൻ കാഴ്‌ചകൾ കാണാനും അവസരമുണ്ട്‌. പഴയ സീ കുട്ടനാടിനേക്കാൾ കൂടുതൽ സ്ഥലങ്ങള്‍ കൂടി ഉൾപ്പെടുത്തിയാണ്‌ പുതിയ സർവീസ്. രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്ന് മുതൽ ആറ് വരെയും രണ്ട്‌ ട്രിപ്പാണുള്ളത്‌. ഇരുനില ബോട്ടിന്‍റെ മുകളിൽ 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. ഐആർഎസിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സ്‌റ്റീലിലാണ് ബോട്ട് നിർമിച്ചത്. സഞ്ചാരികൾക്കായി അകത്ത് ഭക്ഷണം വിതരണത്തിന്‌ കഫ്റ്റീരിയ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീയാണ്‌.

ബോട്ട് റൂട്ട്: പുന്നമട ഫിനിഷിങ്‌ പോയന്‍റ്, സ്‌റ്റാർട്ടിങ്‌ പോയന്‍റ്, സായികേന്ദ്രം വഴി മാർത്താണ്ഡം കായലിലെത്തും. അവിടെനിന്ന്‌ കമലന്‍റെ മൂല, രംഗനാഥ്‌, സി. ബ്ലോക്ക്‌, വട്ടക്കായൽ വഴി ചെറുകായലിലൂടെയാണ് യാത്ര. തുടർന്ന്‌ കൈനകരിയിലെ ചാവറയച്ചന്‍റെ ജന്മഗൃഹത്തിൽ എത്തി 20 മിനിറ്റ്‌ തങ്ങും. തിരിച്ച് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക്‌ പാലസ്‌ റിസോർട്ട്‌ വഴി ആലപ്പുഴയിലെത്തും.

ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ പ്രദേശങ്ങളിൽ ഒന്നായ കുട്ടനാടിന്റെ ദൃശ്യചാരുത ആസ്വദിക്കുവാനുമുള്ള ഓളപ്പരിപ്പിലൂടെയുള്ള യാത്ര തദ്ദേശിയരും വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് ഒരുപോലെ മനോഹര അനുഭവം നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.