ഉക്രെയ്‌ന്റെ നാല് പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തു: ഉടമ്പടിയില്‍ ഒപ്പു വെച്ച് പുടിന്‍; നാറ്റോ അംഗത്വ നീക്കം വേഗത്തിലാക്കിയെന്ന് സെലന്‍സ്‌കി

ഉക്രെയ്‌ന്റെ നാല് പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തു: ഉടമ്പടിയില്‍ ഒപ്പു വെച്ച് പുടിന്‍; നാറ്റോ അംഗത്വ നീക്കം വേഗത്തിലാക്കിയെന്ന് സെലന്‍സ്‌കി

റഷ്യയോടൊപ്പം  കൂട്ടിച്ചേര്‍ത്ത ഉക്രെയ്‌ന്റെ നാല് പ്രദേശങ്ങളിലുള്ള ഭരണാധികാരികള്‍ പുടിനൊപ്പം.

മോസ്‌കോ: ഉക്രെയ്‌ന്റെ നാല് പ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പു വെച്ചു. ക്രെംലിനിലെ സെ്ന്റ് ജോര്‍ജ് ഹാളില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കള്‍ ഒരു ടേബിളിലും അതില്‍ നിന്ന് ഏറെ അകലെ മറ്റൊരു ടേബിളില്‍ പുടിനും ഇരുന്നാണ് ഉടമ്പടിയില്‍ ഒപ്പു വെച്ചത്.

സാഫോറീസിയ, ഹേഴ്‌സന്‍, ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ക്കുന്നത്. ഇവിടങ്ങളില്‍ ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും താല്‍പര്യപ്രകാരമാണ് കൂട്ടിച്ചേര്‍ക്കലെന്ന് റഷ്യ വിശദീകരിക്കുമ്പോള്‍ ഉക്രെയ്‌നും അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും ഇത് നിക്ഷേധിച്ചു. ആളുകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വോട്ടു ചെയ്യിച്ചതെന്ന് അവര്‍ ആരോപിച്ചു.

ഉക്രെയ്‌നില്‍ നിന്ന് 2014 ല്‍ പിടിച്ചെടുത്ത ക്രൈമിയന്‍ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ ഉക്രെയ്‌ന്റെ 20 ശതമാനത്തോളമുണ്ട്.

തങ്ങളുടെ ഭൂമി എല്ലാ വിധത്തിലും സംരക്ഷിക്കുമെന്നും ഇത് റഷ്യന്‍ ജനതയുടെ വിമോചന ദൗത്യമാണെന്നും ചടങ്ങില്‍ വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഉക്രെയ്നുമായി ചര്‍ച്ച നടത്താന്‍ റഷ്യ തയ്യാറാണ്. എന്നാല്‍ വിമോചിത പ്രദേശങ്ങളിലെ ജനഹിത ഫലങ്ങള്‍ ചര്‍ച്ച ചെയ്യില്ല. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ എന്നെന്നേക്കുമായി ഇനി റഷ്യന്‍ പൗരന്മാരാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ കോളനിവല്‍കരിക്കാന്‍ ശ്രമിക്കുകയാണെന്നും ലോകത്തെ കൊള്ളയടിക്കാനുളള നിയോ കൊളോണിയല്‍ സിസ്റ്റം സംരക്ഷിക്കാന്‍ പാശ്ചാത്യര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും പുടിന്‍ ആരോപിച്ചു.

തങ്ങളുടെ നാല് പ്രദേശങ്ങള്‍ റഷ്യ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ നാറ്റോ അംഗത്വത്തിനുള്ള നീക്കം ഉക്രെയ്ന്‍ വേഗത്തിലാക്കിയെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. നാറ്റോയിലേക്ക് ത്വരിത ഗതിയിലുള്ള പ്രവേശനത്തിനായി തങ്ങള്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പ് നടത്തുകയാണെന്ന് വീഡിയോ പ്രസ്താവനയില്‍ സെലന്‍സ്‌കി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.