കാന്‍ബറ: ക്വാണ്ടാസ് വിമാനത്തിന്റെ ചിറകുകളില്‍ ഇന്‍സുലേഷന്‍ ടേപ്പുകള്‍ ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സുരക്ഷാ പ്രശ്‌നമെന്ന ആശങ്ക ഉയര്‍ത്തിയാണ് പലരും ചിത്രങ്ങള്‍ പങ്കിടുന്നത്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം യാത്രക്കാരും ഉന്നയിക്കുന്നു.
ഒറ്റനോട്ടത്തില്‍ നിരവധി ടേപ്പുകള്‍ കൊണ്ട് പൊതിഞ്ഞ നിലയിലാണ് വിമാനത്തിന്റെ ചിറക്. ഓസ്ട്രേലിയന്‍ ഓപ്പറ ഗായകന്‍ ഡേവിഡ് വേക്ക്ഹാമാണ് കഴിഞ്ഞ ആഴ്ച വിമാനത്തിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അതിനുശേഷം റെഡ്ഡിറ്റ്, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിരവധി സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രം വ്യാപകമായി പങ്കിട്ടു. മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെ ക്വാണ്ടാസിന്റെ ആഭ്യന്തര ടെര്‍മിനലില്‍ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്.
'നിങ്ങള്‍ക്കു പ്രിയപ്പെട്ട എയര്‍ലൈന്‍ തിരഞ്ഞെടുക്കുമ്പോള്‍, വിവേകത്തോടെ ചിന്തിക്കുക' എന്നാണ് ഡേവിഡ് വേക്ക്ഹാം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനു മുന്‍പ് ക്വാണ്ടസ് ലാഭം നേടുന്നു എന്നും ചേര്‍ത്തിട്ടുണ്ട്. ഇത് ഓണ്‍ലൈനില്‍ പലവിധ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയാക്കി.
എന്നാല്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയും വ്യാജവാര്‍ത്തകളുടെ ഉത്ഭവത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രമായ RMIT FactLab ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നു.
ചിത്രത്തില്‍ കാണിക്കുന്ന ടേപ്പ്, സ്പീഡ് ടേപ്പ്/അലുമിനിയം ടേപ്പ് എന്നാണ് അറിയപ്പെടുന്നത്. വ്യോമയാനമേഖലയില്‍ പതിവായി ഇത് ഉപയോഗിക്കാറുണ്ട്. ചിറകിലെ പെയിന്റ് ഇളകിയത് മറയ്ക്കാന്‍ പ്രയോഗിച്ചതാവാം എന്നാണ് അനുമാനം.
ബോയിംഗ് 787-9 ഡ്രീംലൈനര്‍ ആണ് ചിത്രത്തില്‍ കാണുന്നത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്നതു മൂലം പെയിന്റിങ്ങില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ ഇത്തരത്തില്‍ ടേപ്പുകള്‍ ഒട്ടിക്കാറുള്ളതായി യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനു നല്‍കിയ മറുപടിയില്‍ ബോയിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ചിറകുകളില്‍ പെയിന്റ് ഇളകുന്നത് ബോയിംഗ് 787-9 വ്യാപകമായി നേരിടുന്ന ഒരു പ്രശ്‌നമാണെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഒരു ആഗോള പ്രശ്‌നമാണെന്ന് എയര്‍ ന്യൂസീലന്‍ഡിന്റെ വക്താവും പറയുന്നു.
അതേസമയം, പെയിന്റ് ഇളകുന്നത് ചെറിയൊരു സൗന്ദര്യ പ്രശ്‌നം മാത്രമാണെന്നു ബോയിംഗ് വക്താവ് പറയുന്നു. ഇത്തരത്തിലുള്ള പ്രശ്‌നം ചിറകിന്റെ ഘടനയെ യാതൊരു വിധത്തിലും ബാധിക്കില്ല. മാത്രമല്ല വിമാനത്തിന്റെ സുരക്ഷയെയും അതു ബാധിക്കില്ലെന്നു വക്താവ് വിശദീകരിക്കുന്നു. സമാനമായ പ്രശ്നങ്ങള്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിനെയും ബാധിച്ചിട്ടുണ്ട്.
വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കുന്ന ടേപ്പ് യഥാര്‍ത്ഥത്തില്‍ അംഗീകൃത സ്പീഡ് ടേപ്പ് ആണെന്നു എയര്‍ ന്യൂസിലന്‍ഡ് എന്‍ജിനീയറിങ് മേധാവി ഗ്രാന്റ് ക്രെന്‍ഫെല്‍ഡ് വിശദീകരിക്കുന്നു. വിമാനത്തിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കായി സ്പീഡ് ടേപ്പ് അല്ലെങ്കില്‍ അലുമിനിയം ടേപ്പ് ഉപയോഗിക്കുന്നതു പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാറിന്റെ വക്താവും പെയിന്റ് ഇളകുന്നത് സാധാരണ സംഭവമാണെന്നും ഇത് യാത്രക്കാര്‍ക്ക് സുരക്ഷാ അപകടമുണ്ടാക്കില്ലെന്നും വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.