ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഒക്ടോബര്‍ ആറിലേക്ക് മാറ്റി

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഒക്ടോബര്‍ ആറിലേക്ക് മാറ്റി

തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച സ്‌കൂളുകളില്‍ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക ചടങ്ങുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ്‌ ചടങ്ങില്‍ മാറ്റം വന്നത്.

കെ.സി.ബി.സി അടക്കമുള്ള ക്രിസ്ത്യന്‍ സംഘടനകളും സഭകളും ഞായറാഴ്ച്ചയിലെ ചടങ്ങ് മാറ്റണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചപ്പോള്‍ ചടങ്ങില്‍ മാറ്റമുണ്ടാകില്ലെന്ന ഉറച്ച നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടികള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നായിരുന്നു മന്ത്രിയുടെ ന്യായം.

ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ച്ചിരിക്കുന്നതിനാല്‍ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന കെ.സി.ബി.സി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ വീട്ടുവീഴ്ച്ചയ്ക്ക് തയാറാകാതെ വന്നതോടെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന്‌ കെസിബിസിയും അറിയിച്ചു.

ഇതിനു പിന്നാലെ ഒക്ടോബര്‍ രണ്ടിലെ ലഹരിവിരുദ്ധ പരിപാടി വിപുലമായി ആചരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തി. ഒക്ടോബര്‍ രണ്ടിന് 10 മണിക്കുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. വിദ്യാലയ സമിതികള്‍ മുന്‍കയ്യെടുത്ത് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെയാണ് പാര്‍ട്ടിയുടെ സമുന്നത നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മരണം സംഭവിക്കുന്നതും സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവയ്ക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.