റിയോ ഡി ജനീറോ: ബ്രസീലില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഇന്ന്. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ 81 അംഗ ഫെഡറല്‍ സെനറ്റിന്റെ 27 സീറ്റുകളിലേക്കും 513 അംഗ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലേക്കും 27 ഗവര്‍ണര്‍ പദവികളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ്.
നിലവിലെ പ്രസിഡന്റും ലിബറല്‍ പാര്‍ട്ടി നേതാവുമായ ജെയ്ര്‍ ബൊല്‍സൊനാരോയും മുന്‍ പ്രസിഡന്റും വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വയും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പോരാട്ടം. ലൂല, ബൊല്‍സൊനാരോയേക്കാള്‍ മുന്നിലാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം താന്‍ തന്നെ വിജയിക്കുമെന്നാണ് മുന്‍ ആര്‍മി ക്യാപ്റ്റന്‍ കൂടിയായ ബൊല്‍സൊനാരോയുടെ അവകാശവാദം. ബൊല്‍സൊനാരോ പരാജയപ്പെട്ടാല്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പരാജയത്തിന് പിന്നാലെ കാപിറ്റല്‍ ആക്രമണമുണ്ടായത് പോലെ അക്രമ സംഭവങ്ങള്‍ ബ്രസീലിലും ആവര്‍ത്തിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
തീവ്ര വലതുപക്ഷ നേതാവായ ബൊല്‍സൊനാരോയുടെ നിലപാടുകള്‍ക്കെതിരെ രാജ്യത്ത് കടുത്ത അതൃപ്തി പുകയുന്നുണ്ട്. കോവിഡ്, ആമസോണ്‍ വന നശീകരണം തുടങ്ങിയ വിഷയങ്ങളില്‍ ബൊല്‍സൊനാരോ നടത്തിയ വിചിത്ര പ്രസ്താവനകളും നടപടികളും രാജ്യത്ത് മന്ത്രിമാര്‍ക്കിടെയില്‍ പോലും അതൃപ്തിയ്ക്ക് കാരണമായിരുന്നു.
പ്രസിഡന്റ്, ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളില്‍ പരസ്പരം ഏറ്റുമുട്ടുന്നവരില്‍ ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ ആദ്യമെത്തുന്ന രണ്ട് സ്ഥാനാര്‍ത്ഥികളെ വച്ച് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തും. നാല് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2023 ജനുവരി ഒന്നിന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കു.
ആകെ 15.6 കോടി വോട്ടര്‍മാരാണുള്ളത്. 18 മുതല്‍ 70 വരെ പ്രായമുള്ള വിദ്യാഭ്യാസം നേടിയ എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.