ഓസ്ട്രേലിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആരാധകര്‍; ആജീവനാന്ത വിലക്കിന് സമ്മര്‍ദം

ഓസ്ട്രേലിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആരാധകര്‍; ആജീവനാന്ത വിലക്കിന് സമ്മര്‍ദം

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനിടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ അതിരുവിട്ട പെരുമാറ്റത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന ഓസ്ട്രേലിയ കപ്പ് ഫൈനലിനിടെ സിഡ്നി യുണൈറ്റഡ് 58 ഫുട്‌ബോള്‍ ക്ലബിന്റെ ആരാധകരാണ് സാമൂഹിക വിരുദ്ധ പെരുമാറ്റവുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവത്തെ ശക്തമായി അപലപിച്ച ഫുട്‌ബോള്‍ ഓസ്‌ട്രേലിയ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

മക്കാര്‍ത്തൂര്‍ എഫ്സിയും സിഡ്നി യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായി വെല്‍കം ടു കണ്‍ട്രി ചടങ്ങിലാണ് ചില സിഡ്നി യുണൈറ്റഡ് ആരാധകര്‍ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഹിറ്റ്ലര്‍ സല്യൂട്ട് അനുകരിക്കുകയും ഫാസിസ്റ്റ് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തത്. ഇത് അവിടെയുള്ള ക്യാമറകളില്‍ പതിയുകയും ചെയ്തു.

വെസ്റ്റേണ്‍ സിഡ്നിയിലെ കോംബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16,000-ലധികം ആരാധകരാണ് തടിച്ചുകൂടിയത്. ഇതില്‍ ചെറിയൊരു വിഭാഗമാണ് പ്രകോപനവുമായി രംഗത്തുവന്നത്. തുടര്‍ന്ന് എട്ടു പേരെ സ്‌റ്റേഡിയത്തില്‍നിന്നു പുറത്താക്കി. മത്സരത്തില്‍ രണ്ട് ഗോളിന് മക്കാര്‍ത്തൂര്‍ എഫ്സി വിജയിച്ചു.

നാസി ചിഹ്നങ്ങളും അഭിവാദ്യങ്ങളും പ്രകടിപ്പിച്ച സിഡ്നി യുണൈറ്റഡ് 58 ആരാധകര്‍ക്കെതിരേ ആജീവനാന്ത വിലക്ക് അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ന്യൂ സൗത്ത് വെയില്‍സ് ജൂത ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആരാധകരെ വിമര്‍ശിച്ച് സിഡ്നി യുണൈറ്റഡ് മുന്‍ താരം ക്രെയ്ഗ് ഫോസ്റ്റര്‍ രംഗത്തുവന്നു.

അതിരുവിട്ട പെരുമാറ്റത്തില്‍ ഏര്‍പ്പെട്ട ആരാധകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഫുട്‌ബോള്‍ ഓസ്ട്രേലിയയ്ക്കു മേല്‍ വിവിധ കോണുകളില്‍നിന്ന് സമ്മര്‍ദം ഉയരുന്നുണ്ട്. അതിനായി കുറ്റവാളികളെ കണ്ടെത്താന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് തുടരുകയാണ്. ആരാധകരുടെ പെരുമാറ്റം സംബന്ധിച്ച് ന്യൂ സൗത്ത് വെയില്‍സ് പോലീസും കൂടുതല്‍ അന്വേഷണം നടത്തും.

മത്സരത്തിനിടെ നാസി ചിഹ്നങ്ങളും സല്യൂട്ടും പ്രദര്‍ശിപ്പിച്ചത് അപലപനീയമാണെന്ന് ജൂത ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഡാരന്‍ ബാര്‍ക്ക് കുറ്റപ്പെടുത്തി. ആധുനിക ഓസ്ട്രേലിയന്‍ സമൂഹത്തില്‍ ഈ നീചമായ ചിഹ്നങ്ങള്‍ക്കും സല്യൂട്ട്കള്‍ക്കും സ്ഥാനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് ദശലക്ഷക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകത്തിലേക്ക് നയിച്ച ഒരു തിന്മയൊണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ഇതുപോലുള്ള പെരുമാറ്റം നാസി കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും വലിയ ദുഃഖമുണ്ടാക്കുന്നു. നമ്മുടെ ഏകീകൃത ബഹുസ്വര സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇന്നലെ രാത്രി നടന്ന സംഭവം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26