ബംഗളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം (കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ -2021) നിലവില്‍ വന്നു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഒപ്പിട്ടതിനെ തുടര്‍ന്നാണു നടപടി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു.
കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് നിയമസഭ നിയമം വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. പന്നാലെ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചു. നിര്‍ബന്ധിച്ചു മതം മാറ്റിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
ബില്‍ ചര്‍ച്ചയ്ക്ക് വന്നതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് ഉന്നയിച്ചു. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വാക്കൗട്ട് ചെയ്തു. തുടര്‍ന്ന് ബില്‍ പാസാക്കി ഗവര്‍ണറുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയ 2022 മേയ് 17 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പാസായിരിക്കുന്നത്.
ഏത് മതം മാറ്റവും നിയമത്തിന്റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകള്‍. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളംവെക്കുന്നതാണ് പുതിയ നിയമമെന്നാണ് മതസംഘടനകളുടെ ആരോപണം. മത സംഘടനകളും കോണ്‍ഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിനു വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും. മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് അപേക്ഷ നല്‍കണം.
എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തിന് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ വരെയുമാണ് ശിക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.