ആരവല്ലി പര്‍വതനിരയിലെ 10,000 ഏക്കര്‍: ലോകത്തിലെ വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് ഹരിയാനയില്‍ നിര്‍മ്മിക്കും

ആരവല്ലി പര്‍വതനിരയിലെ 10,000 ഏക്കര്‍: ലോകത്തിലെ വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് ഹരിയാനയില്‍ നിര്‍മ്മിക്കും

ഗുരുഗ്രാം: ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് ആരവല്ലി മലനിരകളിൽ 10,000 ഏക്കറിലായി വികസിപ്പിക്കാനൊരുങ്ങി ഹരിയാന സർക്കാർ. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച പ്രസ്താവന പുറത്ത് വിട്ടത്. ഗുരുഗ്രാം, നൂഹ് ജില്ലകളിലാണ് പാർക്ക് ഒരുങ്ങുന്നത്.

കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഹരിയാന സർക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്ര സർക്കാർ ഹരിയാനയ്‌ക്ക് ഫണ്ട് നൽകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്കായിരിക്കും ഇതെന്നാണ് സർക്കാർ പറയുന്നത്. ഹരിയാന സർക്കാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയ സർവേ പ്രകാരം 180 തരം പക്ഷികൾ, 15 തരം സസ്തനികൾ, 29 തരം ജലജീവികളും ഉരഗങ്ങളും, 57 തരം ചിത്രശലഭങ്ങൾ തുടങ്ങിയവയെ ആരവല്ലി മലനിരകളിൽ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ആഫ്രിക്കയ്‌ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജയിലാണുള്ളത്. 2022 ഫെബ്രുവരിയിൽ തുറന്ന ഈ പാർക്കിന് 2000 ഏക്കർ വിസ്തൃതിയാണ് ഉള്ളത്. ഇതിന്റെ അഞ്ചിരട്ടി വലിപ്പത്തിലാണ് ആരവല്ലി പാർക്ക് ഒരുങ്ങുന്നത്. ജീവികൾക്കായി സോണുകൾ തിരിച്ചാണ് പാർക്കിന്റെ ക്രമീകരണം. വ്യത്യസ്ത തരം പക്ഷിമൃഗാദികൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ, തീരപ്രദേശം, മരുഭൂമി തുടങ്ങിയവയെല്ലാം പാർക്കിലുണ്ടാകും.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ആരവല്ലി പാർക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഷാർജ സഫാരി സന്ദർശിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചു. പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പാർക്കിന്റെ രൂപകൽപ്പനയ്‌ക്കായി അന്താരാഷ്‌ട്ര പരിചയമുള്ള രണ്ട് കമ്പനികളെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.