മടവൂരിൽ ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്: പൊള്ളലേറ്റ പ്രതിയും മരിച്ചു

മടവൂരിൽ ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്: പൊള്ളലേറ്റ പ്രതിയും മരിച്ചു

തിരുവനന്തപുരം∙ മടവൂരിൽ പട്ടാപ്പകൽ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (70), ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരൻ കൊലപ്പെടുത്തിയത്.

പ്രഭാകരക്കുറുപ്പ് സംഭവ സ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണു മരിച്ചത്. ശശിധരൻ നായരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സെപ്റ്റംബർ 30ന് രാവിലെ 11.30നാണു സംഭവം.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിനുള്ളിൽ നിന്ന് പുകയും തീയും കണ്ട് വാതിൽ തള്ളി തുറന്നപ്പോഴാണ് പ്രഭാകരക്കുറുപ്പ് മരിച്ച നിലയിലും വിമലദേവിയെ പൊള്ളലേറ്റ നിലയിലും കണ്ടത്. ഈ സമയം പൊള്ളലേറ്റ നിലയിൽ ശശിധരൻ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിവന്നു.

27 വർഷം മുൻപ് നടന്ന സംഭവത്തിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശശിധരന്റെ മകനെ ഗൾഫിലേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ നിരാശനായ മകൻ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണത്തിലെ മനോവിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. 

ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരൻ കടുത്ത ശത്രുതയിലായി. ശശിധരന്റെ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അടുത്തിടെ പ്രഭാകരക്കുറുപ്പിനെ പോലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു കൊലപാതകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.