വത്തിക്കാൻ സിറ്റി: സൗന്ദര്യത്തെ ഉജ്ജ്വലിക്കാൻ അനുവദിക്കണമെന്ന ആഹ്വാനവുമായി ഊർസുലൈൻ ആഗോള വിദ്യഭ്യാസ ഉടമ്പടിയിൽ വിദ്യാർത്ഥികളോട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. നാം സ്വാംശീകരിച്ച യഥാർത്ഥ സൗന്ദര്യം ജീവിതത്തിലുടനീളം പഠിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്നും മാർപ്പാപ്പാ പറഞ്ഞു. സെപ്റ്റംബർ 30-ന് ചേർന്ന “ഊർസുലൈൻ ആഗോള വിദ്യഭ്യാസ ഉടമ്പടിയിൽ (Ursuline Global Education Compact) വിദ്യാർത്ഥികൾക്കായി നല്കിയ സന്ദേശത്തിലാണ് പാപ്പായുടെ ഉദ്‌ബോധനം.
ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും മനുഷ്യൻ അതിസുന്ദരനാണെന്ന് കാണുകയും ചെയ്ത സൃഷ്ടികർമ്മത്തിൻറെ ആദ്യ നിമിഷം മുതൽ എല്ലായ്‌പ്പോഴും നമ്മുടേതായ യഥാർത്ഥ സൗന്ദര്യം പ്രസരിപ്പിക്കുകയും സംരക്ഷിക്കുകയും വേണ്ടതാണെന്നും ഫ്രാൻസീസ് പാപ്പാ സന്ദേശത്തിൽ പറഞ്ഞു. സൗന്ദര്യം എന്നാൽ ലോകം വിഭാവനം ചെയുന്ന ഭൗതികമായ 'ഫാഷൻ' എന്ന കാഴ്ചപ്പാടല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ദസ്തയേവ്‌സ്‌കിയുടെ ദി ഇഡിയറ്റ് എന്ന ചെറുകഥയിൽ മിഷ്‌കിൻ രാജകുമാരൻ പറഞ്ഞതുപോലെ സൗന്ദര്യം ലോകത്തെ രക്ഷിക്കുമെന്നത് സത്യമാണെങ്കിൽ, ഈ സൗന്ദര്യം പങ്കിടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഒരു വ്യക്തിയെ അവന്റെ ഹൃദയത്തിന്റെ സൗന്ദര്യത്തിലേക്ക് നയിക്കാതെ നമുക്ക് വിദ്യാഭ്യാസം നൽകാനാവില്ല . കവികളെ സൃഷ്ടിക്കാൻ നിങ്ങൾക്കറിയില്ലെങ്കിൽ വിദ്യാഭ്യാസം വിജയിക്കില്ലെന്ന് ഞാൻ പറയുമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
എന്നാൽ സ്വന്തം പ്രതിച്ഛായയെ പ്രണയിച്ച് തടാകത്തിൽ മുങ്ങിമരിച്ച നാർസിസസിന്റെ പോലെയുള്ള പ്രവർത്തനങ്ങൾക്കെതിരെയും മാർപ്പാപ്പ മുന്നറിയിപ്പ് നൽകി. ഒരിക്കലും മങ്ങാത്ത സൗന്ദര്യത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. കാരണം അത് ദൈവിക സൗന്ദര്യത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ദൈവം നല്ലവനും സത്യവാനും സുന്ദരനുമാണ്. അവനെ കണ്ടെത്താനുള്ള മാർഗങ്ങളിലൊന്നാണ് സൗന്ദര്യം.
കാട്ടിൽ ഒരു ഉറങ്ങുന്ന സുന്ദരി ആയി നിങ്ങൾ മാറരുത് എന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നിങ്ങൾ കര്‍മ്മനിരതരാകാനും എന്തെങ്കിലും സമൂഹത്തിനായി ചെയ്യാനുമായിട്ടാണ് വിളിക്കപ്പെട്ടിരിക്കുന്നത്. യഥാർത്ഥ സൗന്ദര്യം എപ്പോഴും ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. അത് നമ്മെ ദൃഢനിശ്ചയത്തിലേക്ക് നയിക്കുകയും നമ്മെ ഉണർന്ന് പ്രവർത്തിപ്പിക്കുവാൻ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും പാപ്പ പറഞ്ഞു.
വിദ്യാർത്ഥികളുടെ ആഗ്രഹങ്ങളിലും പദ്ധതികളിലും ആരോഗ്യകരമായ വിശ്രമരാഹിത്യം ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചു. അത് മുന്നോട്ട് പോകാൻ നമ്മെ പ്രേരിപ്പിക്കും. ഒരിക്കലും ഉദ്ദിഷ്ടസ്ഥാനത്തെത്തി എന്ന തോന്നൽ ഉണ്ടാക്കില്ല. വളരാൻ വിസമ്മതിച്ചുകൊണ്ടോ ലോകത്തെ അഭിമുഖീകരിക്കാൻ ഭയന്നുകൊകൊണ്ടോ ലോകത്തിൽ നിന്ന് സ്വയം വിച്ഛേദിക്കരുതെന്നും അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, മാനവ സാഹോദര്യം, ദരിദ്രരും ഏറ്റവും ദുർബ്ബലരുമായവരോടുള്ള കരുതൽ എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്നയും വിഭാവനം ചെയ്യുന്നവയുമായ സംരംഭങ്ങൾ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. യുവതീ യുവാക്കൾ പ്രവർത്തന നിരതരാകാൻ വിളിക്കപ്പെട്ടവരെണെന്ന് പാപ്പാ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുകയും ചെയ്തു.
ഉറങ്ങുന്നു എന്നതിനേക്കാൾ ഉണർന്നിരിക്കുന്നു എന്ന് പറയുന്ന യുവാക്കളാണ് ഈ സംരംഭങ്ങളുടെ നിക്ഷേപം എന്ന് മാർപാപ്പ പറഞ്ഞു. 3 വർഷം മുമ്പ് ആരംഭിച്ച ഗ്ലോബൽ എജ്യുക്കേഷൻ കോംപാക്റ്റിലെ സജീവ പങ്കാളികളാണ് ഈ വിദ്യാർത്ഥികളെന്നും സാർവത്രിക സാഹോദര്യം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർക്കുമായി പ്രവർത്തിക്കുന്ന ഒരു സംഘമാണിതെന്നും മാർപാപ്പ കൂട്ടിച്ചേത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26