ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിയമനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധ കാമ്പെയ്‌നുമായി ലിബറല്‍ എംഎല്‍സി

ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിയമനങ്ങള്‍ക്കുള്ള  സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധ കാമ്പെയ്‌നുമായി ലിബറല്‍ എംഎല്‍സി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

1984-ലെ തുല്യ അവസര നിയമത്തിലാണ് 163 ഭേദഗതികള്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നത്. സംസ്ഥാന പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച ഈ ശിപാര്‍ശകള്‍ മാര്‍ക് മക്ഗോവന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിക്കുന്നു. ഇത് ക്രൈസ്തവ വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനു നേരേയുള്ള പ്രഹരമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

ക്രിസ്ത്യന്‍ സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക ഉയര്‍ന്നിരിക്കുന്നത് 79-ാമത് ശിപാര്‍ശ സംബന്ധിച്ചാണ്. ഇത് കത്തോലിക്ക സ്‌കൂളുകളില്‍ വിശ്വാസികളായ അധ്യാപകരെ നിയമിക്കാനുള്ള നിലവിലെ അവകാശം ഇല്ലാതാക്കുന്നു. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തും സമാനമായ രീതിയില്‍ തുല്യ അവസര ഭേദഗതി ബില്‍ നടപ്പാക്കിയിരുന്നു.

ക്രിസ്ത്യന്‍ സ്‌കൂളുകള്‍ പിന്തുടരുന്ന മൂല്യങ്ങളും വിശ്വാസവും കുട്ടികളിലേക്കു പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന ജീവനക്കാരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം റിപ്പോര്‍ട്ട് നിരസിക്കുന്നു. നിയമനത്തിലെ വിവേചനം അവസാനിപ്പിക്കാനെന്ന വാദമുയര്‍ത്തിയാണ് ഈ ഭേദഗതികള്‍ വരുത്താനൊരുങ്ങുന്നത്.


നിക്ക് ഗൊയ്റന്‍

അതേസമയം, വിശ്വാസാധിഷ്ഠിതമായ സ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുള്ള ഇളവുകള്‍ ഇല്ലാതാക്കാന്‍ മാത്രമാണ് നിയമ പരിഷ്‌കരണ കമ്മിഷന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എംപിമാരുടെയോ മന്ത്രിമാരുടെയോ ഓഫീസുകള്‍ക്കോ ഈ ശിപാര്‍ശകള്‍ ബാധമല്ല.

കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്കയില്ലാത്ത ഒരു വ്യക്തിയെ ജോലിക്കെടുക്കാതിരിക്കാന്‍ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് പാര്‍ട്ടിക്ക്് അവകാശമുണ്ടെന്ന് എല്ലാവരും സമ്മതിക്കും. നിയമപരിഷ്‌കരണ കമ്മിഷന്റെ ശിപാര്‍ശകള്‍ പ്രകാരം, ഗ്രീന്‍സ് സെനറ്റര്‍ക്ക് ഈ സ്വതന്ത്ര്യം തുടരാനുള്ള അവകാശം നല്‍കുന്നു.

എന്നാല്‍ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് വിശ്വാസത്തിനെതിരേ നിലകൊള്ളുന്ന ഒരു ജീവനക്കാരനെ പിരിച്ചുവിടാന്‍ കഴിയില്ല. വിശ്വാസികളല്ലാത്തവരെ നിയമിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാകുന്നു.

സ്വന്തം കുട്ടികള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മതപരവും ധാര്‍മ്മികവുമായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള മാതാപിതാക്കളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഈ ഭേദഗതികളെന്നാണ് വിമര്‍ശനം.

മാതാപിതാക്കളുടെയും വിശ്വാസാധിഷ്ഠിത സ്‌കൂളുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഭേദഗതികള്‍ നടപ്പില്‍വരുത്തുന്നതിനെതിരേ പ്രതിഷേധം അറിയിക്കാനും ലിബറല്‍ പാര്‍ട്ടി അംഗവും വെസ്റ്റേണ്‍ ഓസ്ട്രേലിയ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും ഷാഡോ മന്ത്രിയുമായ നിക്ക് ഗൊയ്റന്‍ എംഎല്‍സി ഓണ്‍ലൈന്‍ നിവേദനവുമായി രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ സംഘടനയായ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയും ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നു. ക്രിസ്ത്യന്‍ സ്‌കൂളുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. നിവേദനത്തില്‍ ഒപ്പിടാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

https://www.parliament.wa.gov.au/Parliament/LCePetitions.nsf/petitions/22-002


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.