ഖാര്‍ഗെയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ചെന്നിത്തല; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ലെന്ന് മുരളീധരന്‍

ഖാര്‍ഗെയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന്  ചെന്നിത്തല; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി നേതാവ് രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങും. ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നയാള്‍ക്ക് പ്രവര്‍ത്തന പാരമ്പര്യം വേണമെന്നും ചെന്നിത്തല പറഞ്ഞു.

തരൂരിനോട് എതിര്‍പ്പില്ല. അദ്ദേഹം തന്റെ സുഹൃത്താണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നു. തീരുമാനം വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെയ്ക്കൊപ്പം ചെന്നിത്തല പ്രചാരണം നടത്തും. ഗുജറാത്ത്, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ പ്രചാരണത്തിന് എത്തും.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് കെ.മുരളീധരന്‍ എം.പിയും രംഗത്തു വന്നു. ശശി തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല. തന്നേപ്പോലുള്ളവരുടെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് ആണെന്നും മുരളീധരന്‍ പറഞ്ഞു.

എലൈറ്റ് ക്ലാസിനൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജന മുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ് അറിയുന്ന ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് തന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത്.

താഴേത്തട്ടു മുതല്‍ സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നു വന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നാണ് തന്റെ അഭിപ്രായം. എന്നുവെച്ച് തങ്ങളാരും ശശി തരൂരിന് എതിരല്ല. തങ്ങളെല്ലാം ഒരുമിച്ച് ബിജെപിക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും പോരാടുന്നവരാണ്.

ലോക്സഭയില്‍ തരൂര്‍ തന്റെ അടുത്ത സീറ്റിലാണ് ഇരിക്കുന്നത്. വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. പക്ഷെ തരൂരിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധം അല്‍പ്പം കുറവാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കുക ലക്ഷ്യമിട്ടാണ് താന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഇപ്പോള്‍ നയിക്കുന്ന നേതാക്കള്‍ക്ക് പരാതിയൊന്നും ഉണ്ടാകില്ല. കാരണം അവരല്ലേ നയിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.

അവരുടെ തീരുമാനവും അവരുടെ പ്രവര്‍ത്തന രീതിയും പോലെയാണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ സ്വന്തം അഭിപ്രായം പറഞ്ഞു എന്നുവെച്ച് എല്ലാവര്‍ക്കും അതേ അഭിപ്രായമല്ലല്ലോ ഉണ്ടാകുക. സ്വന്തം അഭിപ്രായം ഉണ്ടാകും. അതല്ലേ ജനാധിപത്യമെന്നും തരൂര്‍ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.