ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്; 'ദേശീയ പാര്‍ട്ടി' പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു

ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്; 'ദേശീയ പാര്‍ട്ടി' പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: ടി.ആര്‍.എസിനെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്ത് 'ദേശീയപാര്‍ട്ടി'യായി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്‍.എസ്. എന്നറിയപ്പെടുമെന്ന് കെ.സി.ആര്‍. പറഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.

ടി.ആര്‍.എസിനെ ബി.ആര്‍.എസ്. ആയി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തിലാണ് കൈക്കൊണ്ടത്. വിജയദശമി ദിനത്തില്‍ നടന്ന ഭാരതീയ രാഷ്ട്രസമിതി പ്രഖ്യാപന വേദിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയും ഡി.എം.കെ സഖ്യകക്ഷിയായ വി.സി.കെ നേതാവ് തൊല്‍ തിരുമാളവനും ഉണ്ടായിരുന്നു.

ദേശീയ തലത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.ആര്‍ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ബി.ജെ.പി വിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍, നവീന്‍ പട്നായിക് തുടങ്ങിയവരുമായാണ് മുഖ്യമായും കെ.സി.ആര്‍ കൂടിക്കാഴ്ചകള്‍ നടത്തിയത്.

2024 ല്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും എതിരിടാനുള്ള താല്‍പര്യം നേരത്തെ തന്നെ കെ.സി.ആര്‍ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തില്‍ പങ്കാളികളാകാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.

ബി.ആര്‍.എസിനെ കെ.സി.ആര്‍. ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും തത്വത്തില്‍ അതൊരു ദേശീയ പാര്‍ട്ടിയല്ല. കാരണം, ഒരു പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകണമെങ്കില്‍ അതിന് ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും സാന്നിധ്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടും നാലു ലോക്സഭാ സീറ്റും നേടണം. ഇനി അതുമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സംസ്ഥാനത്തു നിന്ന് രണ്ടു ശതമാനം ലോക്സഭാ സീറ്റുകളില്‍ വിജയിച്ചിരിക്കണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.