കീവ്: ഉക്രെയ്‌ന്റെ 15 ശതമാനത്തോളം ഭൂപ്രദേശം ഹിതപരിശോധന നടത്തി റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കിയതിന് പിന്നാലെ തെക്ക്, കിഴക്കന്‍ മേഖലകളില്‍ ഉക്രെയ്ന്‍ സൈന്യം വന്‍ മുന്നേറ്റം നടത്തുന്നതായി  റിപ്പോര്‍ട്ടുകള്‍. 
തെക്കന്‍ കെര്‍സണ്‍ മേഖലയിലെ റഷ്യന്‍ പ്രതിരോധം തകര്‍ത്ത്  മുന്നേറുന്ന ഉക്രെയ്ന്‍ സേന ഡൊനെറ്റ്‌സ്‌കില്‍ ലൈമാന്‍ പട്ടണം പിടിച്ചെടുത്ത് കൂടുതല്‍ കിഴക്കോട്ട് നീങ്ങുകയാണ്. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, സഫോറിജിയ, കെര്‍സണ്‍ എന്നീ നാല് പ്രദേശങ്ങള്‍ റഷ്യ തങ്ങളുടെ രാജ്യത്തോടൊപ്പം കൂട്ടിച്ചേര്‍ത്തെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉക്രെയ്ന്‍ സൈനിക നീക്കം. 
'ഈ യുദ്ധം ആരംഭിച്ചത് ക്രിമിയയില്‍ നിന്നാണ്. അത് ക്രിമിയയുടെ വിമോചനത്തോടെ അവസാനിക്കണമെന്ന് ഓഗസ്റ്റില്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെസ്‌കി പ്രഖ്യാപിച്ചിരുന്നു. ഉക്രെയ്ന്‍ ജനറല്‍മാര്‍ ലക്ഷ്യമിടുന്നതും അതാണെന്നണ്  സൈനിക വിദഗ്ധരുടെ അഭിപ്രായം.  
കെര്‍സണ്‍, മരിയുപോള്‍ നഗരങ്ങള്‍ വഴി പോയി അവസാന റഷ്യന്‍ സൈനികനും ക്രിമിയയില്‍ നിന്ന് പാലം കടക്കുന്നത് വരെ യുദ്ധം തുടരുമെന്ന് യൂറോപ്പിലെ അമേരിക്കന്‍ സേനയുടെ മുന്‍ കമാന്‍ഡറായ ബെന്‍ ഹോഡ്ജസ് അഭിപ്രായപ്പെട്ടു. ഉക്രെയ്ന്‍ വിജയത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയിലെ പല പട്ടണങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യം ഏകപക്ഷീയമായി പിന്മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പരാജയമുണ്ടാകുമെന്നു  കണ്ടാല്‍  പുടിന്‍ യുദ്ധ മുഖത്തേക്ക് നിര്‍ബന്ധിത സൈനികരെ മുതല്‍  ആണവായുധം വരെ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും യുദ്ധ വിദഗ്ദര്‍ പറയുന്നു. 
ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തില്‍ ആദ്യത്തെ രണ്ട് മാസങ്ങള്‍ക്ക് ശേഷം കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിച്ച് തെക്കന്‍ മേഖലയില്‍ വിന്യസിച്ചിരുന്നു. പിന്നീട് നടന്ന ശക്തമായ കര യുദ്ധത്തില്‍ ഉക്രെയ്‌ന്റെ തെക്ക്, കിഴക്കന്‍ മേഖലയിലെ നാല് പ്രവിശ്യകള്‍ റഷ്യ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ 2014 ല്‍ ക്രിമിയ സ്വന്തമാക്കിയത് പോലെ കിഴടക്കിയ പ്രദേശങ്ങളില്‍  ധൃതഗതിയില്‍ ഹിതപരിശോധന നടത്തിയ റഷ്യ  ജനങ്ങള്‍ റഷ്യയ്ക്കായി വോട്ട് ചെയ്‌തെന്ന് അവകാശപ്പെടുകയും അവ റഷ്യന്‍ ഫെഡറേഷനൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.