സോള്‍: ഉത്തര കൊറിയ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനു തിരിച്ചടി നല്‍കാനായി ദക്ഷിണ കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം പരാജയം. ജപ്പാനു മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചതിനു തിരിച്ചടി നല്‍കുകയായിരുന്നു ലക്ഷ്യം. യു.എസിനൊപ്പം സൈനികാഭ്യാസം നടത്തുകയായിരുന്ന ദക്ഷിണ കൊറിയ ഹ്യൂന്‍മൂ 2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ ആണ് വിക്ഷേപിച്ചത്.
തൊട്ടുപിന്നാലെതന്നെ മിസൈല്‍ പ്രവര്‍ത്തനരഹിതമായി താഴെ വീണു. മിസൈലിന്റെ പ്രൊപ്പെല്ലന്റില്‍ തീപിടിച്ചു. പക്ഷേ പോര്‍മുന പൊട്ടിയില്ലെന്ന് ദക്ഷിണ കൊറിയന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കൊറിയയുടെ ഗ്വാങ്‌ന്യുങ് വ്യോമസേന ആസ്ഥാനത്തിന് അടുത്തുള്ള മേഖലയിലാണ് മിസൈല്‍ പതിച്ചത്. ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്നും അപകട കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ജപ്പാന് നേരെ ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടിയായാണ് അമേരിക്കയും ദക്ഷിണ കൊറിയയും മിസൈല്‍ തൊടുത്തത്. ഇരു രാജ്യങ്ങളും ജപ്പാന്‍ കടലിലേക്ക് നാല് സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍ പ്രയോഗിച്ചു. ഇതിന് പിന്നാലെ മഞ്ഞക്കടലില്‍ സഖ്യസേനയുടെ ബോംബര്‍ വിമാനങ്ങളുടെ പരിശീലനവും ഉണ്ടായി.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിന് മറുപടിയായാണ് വിക്ഷേപണമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
ഉത്തര കൊറിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈല്‍ പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അമേരിക്കല്‍ പ്രദേശമായ ഗുവാമില്‍ എത്താന്‍ ശേഷിയുള്ള ഹ്വാസോങ്-12 മിസൈലാണ് ഉത്തരകൊറിയ തൊടുത്തുവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.